Mon. Dec 23rd, 2024
പാലക്കാട്:

വീട്ടിലെ അജൈവ വസ്തുക്കൾ എത്രയെന്നും അവയുടെ സംസ്കരണം എങ്ങനെയെന്നും ഇനി മൊബൈലിൽ അറിയും. തദ്ദേശ സ്ഥാപനങ്ങളിലെ ഹരിത കർമസേനകൾക്കായി,അജൈവ പാഴ്‌വസ്തു ശേഖരണത്തിന് ഹരിതകേരള മിഷൻ തയാറാക്കിയ സ്മാർട് ഗാർബേജ് മൊബൈൽ ആപ്പിലൂടെയാണ് ഇക്കാര്യം കൃത്യമായി അറിയുക. ഓരോ തദ്ദേശ സ്ഥാപനത്തിൽനിന്നും ഓരോ വാർഡിൽനിന്നും അതിലെ ഓരോ വീട്ടിൽനിന്നും ശേഖരിച്ച അജൈവ വസ്തുക്കൾ എത്രയെന്നും അവയുടെ വീട്ടിലെ സംസ്കരണം എങ്ങനെയെന്നുമുള്ള കാര്യം ആപ്പിലൂടെ മനസ്സിലാക്കാം.

ജില്ലയിൽ പുതുവർഷത്തിൽ തന്നെ ആപ്പ് പ്രവർത്തനക്ഷമമാക്കുമെന്ന് ഹരിത കേരള മിഷൻ ജില്ലാ കോ ഓർഡിനേറ്റർ വൈ കല്യാണകൃഷ്ണൻ പറഞ്ഞു. പ്രവർത്തനം ഇങ്ങനെ: സ്മാർട് ഗാർബേജ് മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്ത ശേഷം, വീടുകളിൽ പ്രത്യേകം സ്ഥാപിക്കുന്ന ക്യൂആർ കോഡിന്റെ സഹായത്തോടെയാണു വിവരങ്ങൾ ശേഖരിക്കുന്നത്.

ഹരിത കർമസേനാംഗങ്ങൾ ക്യൂആർ കോഡ് സ്കാൻ ചെയ്തു വിവരങ്ങൾ ശേഖരിക്കും. കെൽട്രോൺ ആണ് ഇതിനാവശ്യമായ വെബ് ബെയ്സ്ഡ് പ്രോഗ്രാം തയാറാക്കിയിട്ടുള്ളത്. ആപ്പ് പ്രവർത്തനം തുടങ്ങുന്നതോടെ എല്ലാ തദ്ദേശ സ്ഥാപനങ്ങൾക്കും ജില്ലാ, സംസ്ഥാനതല സംവിധാനങ്ങൾക്കും പാഴ്‌വസ്തു ശേഖരണത്തിന്റെ കൃത്യമായ കണക്കും പുരോഗതിയും അറിയാനാകും.