ബംഗളൂരു:
ലെഹംഗയുടെ ഉള്ളിൽ കടത്താൻ ശ്രമിച്ച മൂന്ന് കിലോ മയക്കുമരുന്ന് നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ പിടികൂടി. വസ്ത്രത്തിനുള്ളിലാക്കി ആസ്ട്രേലിയയിലേക്കായിരുന്നു മയക്കുമരുന്ന് കടത്താൻ ശ്രമം. കേസുമായി ബന്ധപ്പെട്ട് ഒരാൾ അറസ്റ്റിലായി.
എൻ സി ബി ബംഗളൂരു മേഖല ഡയരക്ടർ അമിത് ഗാവ്തെയുടെ നേതൃത്വത്തിലുള്ള സംഘമാണ് മൂന്ന് കിലോ വരുന്ന സ്യൂഡോഫെഡ്രൈൻ പിടികൂടിയത്. ലെഹംഗകളുടെ ഓരോ മടക്കുകളും തുറന്നപ്പോഴാണ് നിരോധിത വസ്തു കണ്ടെത്തിയത്. ആസ്‌ട്രേലിയയിലേക്ക് അയയ്‌ക്കേണ്ട പാഴ്സൽ ആന്ധ്രാപ്രദേശിലെ നരസാപുരത്തുനിന്നാണ് ബുക്ക് ചെയ്തത്.
വിവരങ്ങൾ ലഭിച്ച ചെന്നൈയിലെ എൻ സി ബി സംഘം രണ്ട് ദിവസമായി നടത്തിയ അന്വേഷണത്തിലാണ് പാഴ്സൽ അയച്ചയാളുടെ വിലാസം തിരിച്ചറിഞ്ഞത്. വെള്ളിയാഴ്ച പ്രതിയെ പിടികൂടി. പാഴ്സൽ അയക്കാൻ വ്യാജ വിലാസങ്ങളും രേഖകളും ഉപയോഗിച്ചതായി കണ്ടെത്തി. കേസിൽ അന്വേഷണം പുരോഗമിക്കുകയാണ്.