Mon. Dec 23rd, 2024

ടി-20 ലോകകപ്പ് സൂപ്പർ 12 റൗണ്ടിലെ രണ്ടാം മത്സരത്തിൽ ഏകദിന ലോകകപ്പ് ചാമ്പ്യന്മാരായ ഇംഗ്ലണ്ട് നിലവിലെ ടി-20 ലോകകപ്പ് ചാമ്പ്യന്മാരായ വെസ്റ്റ് ഇൻഡീസിനെ നേരിടും. ഇന്ത്യൻ സമയം രാത്രി 7.30ന് ദുബായ് രാജ്യാന്തര സ്റ്റേഡിയത്തിലാണ് മത്സരം. സന്നാഹമത്സരങ്ങളിൽ ഇംഗ്ലണ്ട് ഒരു മത്സരം വിജയിച്ചപ്പോൾ വെസ്റ്റ് ഇൻഡീസ് രണ്ട് മത്സരങ്ങളും പരാജയപ്പെട്ടു.

ജോസ് ബട്ട്ലറും ജോണി ബെയർസ്റ്റോയും മൊയീൻ അലിയുമാണ് സന്നാഹമത്സരങ്ങളിൽ ഇംഗ്ലണ്ടിനായി തിളങ്ങിയ താരങ്ങൾ. ജേസൻ റോയ്, ഓയിൻ മോർഗൻ, ഡേവിഡ് മലാൻ എന്നിവർക്ക് കാര്യമായി തിളങ്ങാനായില്ല. ലിവിങ്സ്റ്റൺ ഒരു മത്സരത്തിൽ 30 റൺസെടുത്തു.

ബൗളിംഗിൽ മാർക്ക് വുഡും ഡേവിഡ് വില്ലിയും സ്ഥിരത പുലർത്തുമ്പോൾ ആദിൽ റഷീദ് ഭേദപ്പെട്ട ഫോമിലാണ്. ക്രിസ് ജോർഡനും ക്രിസ് വോക്സും നിരാശപ്പെടുത്തി. മലാൻ ടീമിൽ ഉൾപ്പെടുമോ ഇല്ലയോ എന്ന ചോദ്യമൊഴിച്ചാൽ ഇംഗ്ലണ്ട് ടീമിൽ കാര്യമായ സർപ്രൈസുകൾ ഉണ്ടായേക്കില്ല. മലാനെ ഒഴിവാക്കിയാൽ മൊയീൻ അലിയോ ജോണി ബെയർസ്റ്റോയോ മൂന്നാം നമ്പറിൽ കളിക്കും.

ഫോമിൽ അല്ലാത്തതിനാൽ ടീമിൽ നിന്ന് താൻ മാറിനിൽക്കാമെന്ന് മോർഗൻ പറഞ്ഞെങ്കിലും അത് സംഭവിക്കാനിടയില്ല. ആദിൽ റഷീദ് മാത്രമാണ് സ്പിന്നർ. മാർക്ക് വുഡ്, ക്രിസ് ജോർഡൻ എനിവരൊക്കെ ടീമിലുണ്ടാവും.