Fri. Apr 26th, 2024
മുംബൈ:

ഗുരുഗ്രാമില്‍ വെള്ളിയാഴ്​ച്ച നമസ്‌കാരം നടത്തുന്നവര്‍ക്കെതിരെ പ്രതിഷേധിച്ച സംഘപപരിവാർ സംഘടനകളുടെ നടപടിയെ എതിർത്ത്​ ബോളിവുഡ്​ നടി സ്വര ഭാസ്​കർ. ‘ഹിന്ദുവെന്ന നിലയില്‍ ലജ്ജ തോന്നുന്നു’ എന്നാണ്​ വീഡിയോ പങ്കുവച്ചുകൊണ്ട്​ സ്വര ട്വിറ്ററിൽ കുറിച്ചത്​.

ബജ്​റംഗ്​ദള്‍, വി എച്ച്പി പ്രവര്‍ത്തകർ ഉൾപ്പെടുന്ന സംഘപരിവാർ പ്രവർത്തകരാണ്​ മൈതാനത്ത്​ നമസ്​കരിക്കാനെത്തിയ വിശ്വാസികൾക്കുനേരേ പ്രതിഷേധവുമായി എത്തിയത്​. ജയ്ശ്രീറാം മുഴക്കിയെത്തിയ സംഘം നമസ്​കാര സ്​ഥലത്ത്​ ഒച്ചയുണ്ടാക്കിയും കൂക്കിവിളിച്ചും പ്രാർഥന തടസപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു.

പ്രതിഷേധക്കാരെ നേരിടാൻ സ്​ഥലത്ത്​ വൻ പൊലീസ്​ സംഘത്തെ വിന്യസിച്ചിരുന്നു. ഈ വീഡിയോയും സ്വര ഭാസ്​കർ റീട്വീറ്റ് ചെയ്​തിരുന്നു. സ്വരയുടെ പ്രതികരണം വൈറലായതോടെ ഇവർക്കെതിരേ വിദ്വേഷപ്രചരണവുമായി ഒരുവിഭാഗം രംഗത്തുവന്നു. നിരവധി തീവ്രഹിന്ദുത്വ അനുകൂല പ്രൊഫൈലുകളില്‍ നിന്ന് സ്വരയ്‌ക്കെതിരെ ട്വീറ്റുകളും വന്നുതുടങ്ങി.