Mon. Dec 23rd, 2024
തിരുവനന്തപുരം:

സീറ്റിനു മുന്നിൽ കുഞ്ഞിനെ കിടത്തി ഉറക്കാൻ സൗകര്യം, കുഞ്ഞ് കരഞ്ഞാൽ അമ്മയ്ക്കു കുഞ്ഞുമായി പോയിരുന്ന് മറ്റുള്ളവർക്ക് ബുദ്ധിമുട്ടാ‍കാതെ സിനിമ കാണാനുള്ള എസി ഗ്ലാസ് റൂം, മുലയൂട്ടാൻ ഉൾ‍പ്പെടെ സൗകര്യമുള്ള ബേബി കെയർ സെന്റർ. വനിതാ സൗഹൃദമായ സൗകര്യങ്ങളോടെ മാതൃക തിയറ്റർ തലസ്ഥാനത്ത് യാഥാർത്ഥ്യമാകുന്നു. കേരള ചലച്ചിത്ര വികസന കോർ‍പറേഷന്റെ തമ്പാനൂ‍രിലെ കൈരളി, ശ്രീ, നിള തിയറ്റർ കോംപ്ലക്സാണു 12 കോടി രൂപയോളം മുടക്കി രാജ്യാന്തര നിലവാരത്തിൽ നവീകരിക്കുന്നത്.

ഫെബ്രുവരിയോടെ പൂർത്തിയാകുമെന്നു കെഎസ്‍എഫ്ഡിസി ചെയർമാൻ ഷാജി എൻ കരുൺ അറിയിച്ചു.ഇത്തവണ കേരള രാജ്യാന്തര ചലച്ചിത്രമേള ഡിസംബറിൽ നടത്തിയാൽ ഈ തിയറ്റർ ഉപയോഗിക്കാ‍നാ‍കില്ല. കൊവിഡിനെ തുടർന്ന് അടച്ചിട്ടിരുന്ന സംസ്ഥാനത്തെ തിയറ്ററുകൾ മറ്റന്നാൾ മുതലാണ് തുറക്കുന്നത്.

തിയറ്റർ സാങ്കേതിക വിദ്യയുടെ ഗുണനിലവാരം നിശ്ചയിക്കുന്ന അമേരിക്കയിലെ എസ്‍എംപിടിഇ മാനദണ്ഡം അനുസരിച്ചാണു നവീകരണം. വാടകയ്ക്ക് ഉപയോഗിക്കുന്ന ടു‍കെ പ്രൊജക്ട‍റുകൾക്കു പകരം ‌ ബാർ‍കോ കമ്പനിയുടെ പുതിയ 3 ഫോ‍ർകെ പ്രൊജക്ടറുകൾ ലക്സംബർഗിൽ നിന്ന് രണ്ടര കോടി രൂപ മുടക്കി ഇറക്കുമതി ചെയ്യുകയാണ്. അതിനനുസരിച്ചുള്ള സ്ക്രീനുകളും ഡോൾബി അറ്റ്മോസ് ശബ്ദ സംവിധാ‍നവുമൊരുക്കും.