തിരുവനന്തപുരം:
പൂഞ്ഞാറിൽ അപകടകരമായി രീതിയിൽ വെള്ളക്കെട്ടിലൂടെ സാഹസികമായി കെഎസ്ആർടിസി ബസോടിച്ച ഡ്രൈവർക്കെതിരെ പൊലീസ് കേസെടുത്തു. ജാമ്യമില്ല വകുപ്പ് ചുമത്തിയാണ് ജയദീപനെതിരെ കേസെടുത്തിരിക്കുന്നത്. കെഎസ്ആർടിസി നൽകിയ പരാതിയിലാണ് ഡ്രൈവർ ജയദീപിനെതിരായ നടപടി.
ഈരാറ്റുപേട്ടയിലേക്ക് പോയ കെഎസ്‍ആര്‍ടിസി ബസ് പൂഞ്ഞാര്‍ സെന്‍റ് മേരീസ് പള്ളിക്ക് മുന്നിലെ വലിയ വെള്ളക്കെട്ട് കടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് പകുതിയോളം വെള്ളത്തില്‍ മുങ്ങിയത്. തുടര്‍ന്ന് ബസിലുണ്ടായിരുന്ന യാത്രക്കാരെ നാട്ടുകാര്‍ ചേര്‍ന്ന് പുറത്ത് എത്തിക്കുകയായിരുന്നു. സംഭവം വിവാദമായത്തിന് പിന്നാലെ ജയദീപനെ സസ്പെന്‍റ് ചെയ്യുകയും ഇയാളുടെ ലൈസൻസ് സസ്പെൻ്റ് ചെയ്യാനുള്ള നടപടികള്‍ തുടങ്ങുകയും ചെയ്തിരുന്നു.
വലിയ വെള്ളക്കെട്ടിലൂടെ ബസ് ഓടിച്ച് യാത്രക്കാരുടെ ജീവന് ഭീഷണിയും ബസിന് നാശനഷ്‍ടവും വരുത്തിയതാണ് ഡ്രൈവര്‍ ജയദീപിനെതിരെയുള്ള നടപടിക്ക് കാരണമായി കെഎസ്ആര്‍ടിസി മാനേജ്‍മെന്‍റ് പറയുന്നത്. സസ്പെൻഷനെ സാമൂഹിക മാധ്യമങ്ങളിലൂടെ ഇയാള്‍ പരിഹസിച്ച് രംഗത്ത് വന്നിരുന്നു.