Mon. Dec 23rd, 2024
ഭുവനേശ്വര്‍:

സ്മാര്‍ട്ട് ഫോണ്‍ വാങ്ങാനായി ഭാര്യയെ 55കാരന് വിറ്റ 17കാരന്‍ പിടിയില്‍. കഴിഞ്ഞ ജൂലൈയിലായിരുന്നു 17കാരന്റെയും 26കാരിയുടെയും വിവാഹം. വിവാഹ ശേഷം ഓഗസ്റ്റില്‍ ഇരുവരും ഒഡിഷയില്‍ നിന്ന് രാജസ്ഥാനിലെ ഇഷ്ടിക ചൂളയില്‍ ജോലിക്ക് പോയി.

അവിടെനിന്നാണ് 17കാരന്‍ ഭാര്യയെ 55കാരനായ രാജസ്ഥാന്‍ സ്വദേശിക്ക് 1.8 ലക്ഷം രൂപക്ക് വിറ്റത്. പണമുപയോഗിച്ച് ഇഷ്ടഭക്ഷണം കഴിക്കുകയും സ്മാര്‍ട്ട് ഫോണ്‍ വാങ്ങുകയുമായിരുന്നെന്ന് 17കാരന്‍ പൊലീസിനോട് പറഞ്ഞു. 26കാരിയെ രാജസ്ഥാനിലെ ബാരനില്‍നിന്ന് പൊലീസ് രക്ഷപ്പെടുത്തി.

മധ്യപ്രദേശുമായി അതിര്‍ത്തി പങ്കിടുന്ന ബാരന്‍ ജില്ലയിലെ ഗ്രാമത്തില്‍ നിന്നാണ് യുവതിയെ രക്ഷപ്പെടുത്തിയത്. യുവതിയെ രക്ഷപ്പെടുത്താനെത്തിയ പൊലീസും നാട്ടുകാരും നേരിയ സംഘര്‍ഷമുണ്ടായി. യുവതിയെ കൊണ്ടുപോകുന്നത് നാട്ടുകാര്‍ തടഞ്ഞു.

55കാരന്‍ പണം നല്‍കിയാണ് യുവതിയെ സ്വന്തമാക്കിയതെന്നും കൊണ്ടുപോകാന്‍ അനുവദിക്കില്ലെന്നും നാട്ടുകാര്‍ പറഞ്ഞു. ഭാര്യയെ വിറ്റ ശേഷം 17കാരന്‍ സ്വന്തം ഗ്രാമത്തില്‍ തിരിച്ചെത്തി. ഭാര്യ എവിടെയെന്ന് വീട്ടുകാര്‍ ചോദിച്ചപ്പോള്‍ തന്നെ ഉപേക്ഷിച്ച് പോയെന്ന് മറുപടി നല്‍കി.

എന്നാല്‍ യുവതിയുടെ കുടുംബത്തിന് സംശയം തോന്നി പൊലീസില്‍ പരാതി നല്‍കി. പൊലീസ് ഇയാളുടെ കോള്‍ റെക്കോര്‍ഡ് പരിശോധിച്ചപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്. ചോദ്യം ചെയ്യലില്‍ ഭാര്യയെ 1.8 ലക്ഷം രൂപക്ക് വിറ്റെന്നും സ്മാര്‍ട്ട് ഫോണ്‍ വാങ്ങാനാണ് വിറ്റതെന്നും കൗമാരക്കാരന്‍ സമ്മതിച്ചു.17കാരനെ ജുവൈനല്‍ കോടതിയില്‍ ഹാജരാക്കിയ ശേഷം കറക്ഷനല്‍ ഹോമിലേക്ക് മാറ്റി.