Fri. Nov 22nd, 2024
ഉത്തർപ്രദേശ്:

ലഖിംപൂര്‍ ഖേരി കേസിൽ ഉത്തർപ്രദേശ്‌ സർക്കാരിനെ വിമർശിച്ച് സുപ്രിംകോടതി. റിപ്പോർട്ട് ഫയൽ ചെയ്യാൻ വൈകിയതിൽ സുപ്രിം കോടതിയുടെ രൂക്ഷവിമർശനം. കേസ് അവസാനിക്കാത്ത കഥയായി മാറാൻ പാടില്ലെന്ന് ചീഫ് ജസ്റ്റിസ് എൻ വി രമണ പറഞ്ഞു.

അന്വേഷണം വലിച്ചിഴക്കുകയാണെന്ന വികാരമാണ് കോടതിക്കുള്ളതെന്ന് ചീഫ് ജസ്റ്റിസ് ഹിമ കോഹ്ലി അഭിപ്രായപ്പെട്ടു. അന്വേഷണം അനന്തമായി നീട്ടാനാകില്ലെന്ന് സുപ്രിംകോടതി പറഞ്ഞു. മജിസ്‌ട്രേറ്റിന്റെ മുന്നിൽ കൊണ്ടുപോയി മൊഴി രേഖപ്പെടുത്താത്തത് എന്തുകൊണ്ടാണെന്ന് യു പി സർക്കാരിനോട് കോടതി ചോദിച്ചു.

സാക്ഷികളുടെ മൊഴി രേഖപ്പെടുത്താൻ സുപ്രിംകോടതി നിർദേശിച്ചു. കേസ് 26 ന് വീണ്ടും പരിഗണിക്കും. കൂടാതെ സാക്ഷികളുടെ സുരക്ഷ ഉറപ്പാക്കണമെന്നും ചീഫ് ജസ്റ്റിസ് എൻ വി രമണ നിർദേശിച്ചു.

ഇതിനിടെ ലഖിംപൂര്‍ ഖേരി ആക്രമണ കേസിൽ കേന്ദ്രമന്ത്രിയുടെ മകൻ ഉൾപ്പെടെ 10 പേർ അറസ്റ്റിലായെന്ന് യു പി സർക്കാർ സുപ്രിംകോടതിയിൽ വ്യക്തമാക്കി. അതേസമയം കർഷകരുടെ സമരം നടക്കുന്നതിനിടയിലേക്ക് കേന്ദ്രമന്ത്രിയുടെ മകന്റെ വാഹനവ്യൂഹം ഇടിച്ചുകയറി നാല് കർഷകർ ഉൾപ്പെടെ എട്ട് പേരാണ് കൊല്ലപ്പെട്ടത്. അജയ് മിശ്രയുടെ മകൻ ആശിശ് മിശ്രയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.