Mon. Dec 23rd, 2024
പത്തനംതിട്ട:

2018ലെ പ്രളയശേഷം കേന്ദ്ര ജലകമ്മിഷൻ നിഷ്കർഷിച്ച പുതിയ റൂൾ കർവ് ഇക്കുറി കക്കി – ആനത്തോട് ഡാമിൽ അണക്കെട്ട് പ്രേരിത പ്രളയമെന്ന പരാതി ഒഴിവാക്കാൻ ഏറെ സഹായകമായെന്ന് വിദഗ്ധർ. മഴക്കാലത്ത് അപ്രതീക്ഷിത തീവ്രമഴ ഉണ്ടായാൽ വെള്ളം ഉൾക്കൊള്ളാൻ ശേഷിയുടെ 10 ശതമാനത്തോളം സ്ഥലം ഒഴിച്ചിട്ട് ബാക്കി ഭാഗം നിറയാൻ അനുവദിക്കുന്ന ഡാം മാനേജ്മെന്റ് രീതിയാണിത്. മഴ, നീരൊഴുക്ക്, ഉല്പാദനം, നദിയിലെ പ്രളയ സ്ഥിതി തുടങ്ങിയ പല ഘടകങ്ങൾ കോർത്തിണക്കി തത്സമയം നിർധാരണം ചെയ്തെടുക്കുന്ന ഏകകമാണിത്.

ജൂൺ 1 മുതൽ മേയ് 31 വരെ നീളുന്ന ജലവർഷ കലണ്ടറിനെ അടിസ്ഥാനമാക്കിയാണ് കർവ് നിശ്ചയിക്കുന്നത്.200 ദശലക്ഷം ഘനമീറ്റർ വരെ ശേഷിയുള്ള ഡാമുകൾക്കാണ് റൂൾ കർവ് ബാധകം. ഇടുക്കി, കക്കി, ബാണാസുര സാഗർ, ഇടമലയാർ എന്നീ ഡാമുകൾക്കാണ് സംസ്ഥാനത്ത് റൂൾ കർവ് നിശ്ചയിച്ചിട്ടുള്ളത്. ഇതനുസരിച്ച് കക്കിയിൽ ജൂൺ മാസത്തിൽ 54 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉല്പാദിപ്പിക്കണം. ഒക്ടോബറിൽ ഉൽപാദനം 79 ദശലക്ഷം യൂണിറ്റാക്കും.