തെന്മല:
കൊല്ലം – ചെങ്കോട്ട റെയിൽ പാതയിൽ ഇടമൺ ഐഷാപാലത്തിന് സമീപം കുന്നിടിഞ്ഞിറങ്ങിയെങ്കിലും ദുരന്തം വഴിമാറിയത് പട്രോളിങ് സംഘത്തിന്റെ ജാഗ്രതയിൽ. പാലരുവി എക്സ്പ്രസ് വരുന്നതിന് തൊട്ടു മുൻപ് ട്രാക്കിലെ പട്രോളിങ് സംഘം ട്രെയിൻ നിർത്തിച്ചതിനാൽ അപകടമൊഴിവായി.
ഇന്നലെ പുലർച്ചെ 12.45 ആയിരുന്നു സംഭവം. ഒറ്റക്കല്ലിൽ നിന്ന് ഉറുകുന്ന് സൂപ്പർ ബ്രിഡ്ജു വരെ പട്രോളിങ് നടത്തുന്ന മിക്കി തോമസും ഹരിയും ആണ് കുന്ന് ഇടിഞ്ഞു കിടന്നത് കണ്ടത് ഉടൻതന്നെ പാലക്കാടു നിന്നു തിരുനെൽവേലിക്കു വരുന്ന പാലരുവി എക്സ്പ്രസ് തടഞ്ഞു നിർത്താനായി ഇടമണ്ണിൽ നിന്നു സൂപ്പർ ബ്രിഡ്ജു വരെ വന്നുപോകുന്ന പട്രോളിങ് സംഘത്തെ മൊബൈലിൽ വിളിച്ചു.
അപ്പോഴേക്കും ഈ സംഘത്തെ കടന്നു ട്രെയിൻ പോയെന്ന വിവരമാണ് ലഭിച്ചത്. ഇതോടെ മിക്കിയും ഹരിയും ഇടമൺ ഭാഗത്തേക്ക് ട്രാക്കിൽക്കൂടി ഓടി. ഒരു കിലോ മീറ്ററോളം എത്തിയപ്പോൾ ട്രെയിൻ വരുന്നത് കണ്ടു.
കയ്യിലുണ്ടായിരുന്ന അപായ സൂചന വിളക്ക് തെളിയിച്ചു ട്രെയിൻ നിർത്തി. വിവരം ലോക്കോ പൈലറ്റിനെ അറിയിച്ചു. ലോക്ക് പൈലറ്റ് മധുര കൺട്രോൾ റൂമുമായി ബന്ധപ്പെട്ട ശേഷം ട്രെയിൻ തിരികെ ഇടമൺ സ്റ്റേഷനിലേക്ക് പിന്നോട്ടെടുത്തു.