കൊണ്ടോട്ടി:
സുമയ്യയുടെ സ്വപ്‌നമായിരുന്നു സ്വന്തമായൊരു വീട്. ഭർത്താവിന്റെ തുഛ വരുമാനത്തിനൊപ്പം സ്വന്തം വീട്ടുകാരുടെ സഹായംകൊണ്ടുകൂടിയാണ് ആ സ്വപ്‌നത്തിലേക്ക് അവൾ ചിറകുവിരിച്ചത്. പക്ഷെ, അത് തന്റെ പ്രാണനായ മക്കളുടെ മരണത്തിലേക്കുള്ള വഴിയാകുമെന്ന് അവൾ കരുതിയില്ല.
താരാട്ടുപാടി ഉറക്കിയ മക്കളെ കുത്തിയൊലിച്ചെത്തിയ മഴവെള്ളം മരണത്തിലേക്ക് അടർത്തിമാറ്റുമ്പോൾ മൂകസാക്ഷിയാകാനേ അവൾക്ക് കഴിഞ്ഞുള്ളൂ. ദുരന്തമുഖത്തുനിന്നും ജീവിതത്തിലേക്ക് തിരിച്ചുനടക്കുമ്പോഴും ആ അമ്മമനസ്സിന്റെ നോവാറുന്നില്ല. കാസർകോട് ബേക്കറി തൊഴിലാളിയാണ് സുമയ്യയുടെ ഭർത്താവ് അബൂബക്കർ സിദ്ദിഖ്. സുമയ്യയുടെ ഉപ്പ നൽകിയ ഭൂമിയിൽ നാല് വർഷംമുമ്പാണ് വീടുപണി ആരംഭിച്ചത്.
തറവാടുവീടിന്റെ പിറകുവശത്ത് ഉയർന്ന ഭാഗത്താണ് കരിങ്കല്ലുകൊണ്ട് തറ പണിതത്. കനത്ത മഴയിൽ തറയിൽ വെള്ളം നിറഞ്ഞ് മണ്ണ് കുത്തിയൊലിച്ച് ഇവർ താമസിക്കുന്ന വീടിനുമുകളിൽ പതിക്കുകയായിരുന്നു. മണ്ണിടിച്ചിലിൽ സമീപത്തെ ചെങ്കല്ലിൽ തീർത്ത മതിലും ഇടിഞ്ഞു.
കല്ലും മണ്ണും വീടിനുമുകളിലേക്ക് പതിച്ചതോടെ കുട്ടികളും സുമയ്യയും അതിനടിയിൽപ്പെട്ടു. നാട്ടുകാരാണ് മൂന്നുപേരെയും മൺകൂനയ്ക്കടിയിൽനിന്ന് പുറത്തെടുത്തത്. സുമയ്യയുടെ ഉപ്പ മുഹമ്മദ്കുട്ടിയും ഉമ്മ പാത്തുമ്മയും അനുജത്തിയും മറ്റ് മുറികളിലായിരുന്നു. ഇവർക്ക് പരിക്കില്ല. നാട്ടിലുണ്ടായിരുന്ന സിദ്ദിഖ് ഞായറാഴ്ചയാണ് കാസർകോട്ടെ ജോലിസ്ഥലത്തേക്ക് തിരിച്ചത്. പിഞ്ചോമനകളുടെ മരണ വിവരമറിഞ്ഞ് സിദ്ദിഖ് നാട്ടിലെത്തി.