Sat. Apr 27th, 2024
തിരുവനന്തപുരം:

സെക്രട്ടേറിയറ്റിനു മുന്നിൽ പ്രതീകാത്മകമായി മന്ത്രി വി ശിവൻകുട്ടിയെ സംസ്ഥാനങ്ങളുടെ എണ്ണം പഠിപ്പിക്കാൻ എത്തിയ യുവമോർച്ച പ്രവർത്തകർക്കും കണക്ക് തെറ്റി. സ്കൂൾ തുറക്കൽ മാർഗരേഖ പുറത്തിറക്കിയ പത്രസമ്മേളനത്തിനിടെ മന്ത്രി വി ശിവൻകുട്ടി ഇന്ത്യയിലെ 35 സംസ്ഥാനങ്ങൾ എന്ന് തെറ്റായി പറഞ്ഞതിൽ പ്രതിഷേധിച്ചും മന്ത്രിയെ തിരുത്താനുമായിട്ടായിരുന്നു യുവമോർച്ച പ്രതിഷേധിച്ചത്.

മന്ത്രിക്ക് പ്രതീകാത്മകമായി ക്ലാസ്സെടുക്കാൻ സെക്രട്ടേറിയറ്റിന് മുന്നിൽ ഭൂപടവുമായാണ് പ്രവർത്തകർ എത്തിയത്. പഠിപ്പിക്കൽ നടത്തിയ യുവമോർച്ചക്കാർ പറഞ്ഞത് ഇന്ത്യയിൽ 29 സംസ്ഥാനങ്ങൾ ഉണ്ടെന്നാണ്.

ജമ്മുകശ്മീർ കേന്ദ്രഭരണ പ്രദേശമാക്കിയത് അറിയാത്ത യുവമോർച്ച നേതാവ് പഴയ ഭൂപടവും നിവർത്തിയാണ് രാജ്യത്ത് 29 സംസ്ഥാനങ്ങളുണ്ടെന്ന് മന്ത്രിയെ പ്രതീകാത്മകമായി ക്ലാസെടുത്തു പഠിപ്പിച്ചത്. തെറ്റ് ആരും കണ്ടെത്തിയുമില്ല. ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പരിപാടിയിൽ ജില്ലാ പ്രസിഡന്റ് ആർ. സജിത്ത് അധ്യക്ഷനായി.