Sat. Jan 18th, 2025

കണ്ണൂർ:

പറശിനിക്കടവ് പുഴയിലെ ഓളങ്ങളെ തഴുകിയൊഴുകുന്ന ഉല്ലാസ യാത്ര ഒരുക്കി മലനാട് – മലബാർ റിവർ ക്രൂയിസ് ടൂറിസം. കൊവിഡ് കാലം നഷ്ടമാക്കിയ ഉല്ലാസ നിമിഷങ്ങളെ തിരികെ പിടിക്കാനുള്ള പുത്തനുണർവിലാണ് കണ്ണൂർ –കാസർകോട് ജില്ലകളിലെ നദികളെ ബന്ധിപ്പിക്കുന്ന ഈ പദ്ധതി. പതിനായിരത്തിലധികം തീർത്ഥാടകരെത്തുന്ന പറശ്ശിനിക്കടവിന്റെ വിനോദ സഞ്ചാര സാധ്യതകളെയും വളപട്ടണം നദിയുടെ വശ്യമനോഹാരിതയെയും സഞ്ചാരികളിലേക്കെത്തിക്കുകയാണ് മുത്തപ്പൻ ആൻഡ് മലബാരി ക്യൂസീൻ ക്രൂയിസ്.

സർക്കാർ, സ്വകാര്യ, സഹകരണ പങ്കാളിത്തത്തോടെ ഒട്ടനവധി ബോട്ട് സർവീസുകൾ പറശ്ശിനിക്കടവിൽനിന്ന് പുനരാരംഭിച്ചിട്ടുണ്ട്. സംസ്ഥാന ജലഗതാഗത വകുപ്പിന്റെ വാട്ടർ ടാക്സി, ടൂറിസ്റ്റ് ബോട്ട് സർവീസ്, വിനോദസഞ്ചാര വകുപ്പിന്റെ തച്ചോളി ഒതേനൻ ക്രൂസ് ബോട്ട്, റോയൽ ടൂറിസം ഡെവലപ്മെന്റ് സൊസൈറ്റിയുടെ എ സി ക്രൂസർ ബോട്ട്, നന്മ ബോട്ട് ക്ലബ്ബിന്റെ ജലറാണി, ഉല്ലാസ് ബോട്ട് സർവീസ് തുടങ്ങിയവയാണ് പറശ്ശിനിക്കടവിൽ സർവീസ് നടത്തുന്നത്. 2018ലെ പ്രളയത്തിൽ ആലപ്പുഴയിൽ രക്ഷാപ്രവർത്തനത്തിനുപോയ ഒരുകൂട്ടം ബോട്ട് തൊഴിലാളികളുടെ കൂട്ടായ്മയായ നന്മ ബോട്ട് ക്ലബ്ബാണ് മലബാറിലെ ഏറ്റവും വലുപ്പമേറിയ ആഡംബര ഹൗസ് ബോട്ടായ ജലറാണി നീറ്റിലിറക്കിയത്.

100അടി നീളവും 18അടി വീതിയുമുള്ള ബോട്ടിൽ ജലയാത്ര എന്നതിലുപരി നൂറോളം പേർക്ക് ഒരുമിച്ചിരുന്ന് യോഗങ്ങളും ഒത്തുചേരലുകളും നടത്താം. തദ്ദേശീയർക്ക് തൊഴിൽ നൽകുന്ന ഉത്തരവാദിത്വ ടൂറിസത്തിന്റെയും പറശ്ശിനിക്കടവിലെത്തുന്ന തീർത്ഥാടകർക്ക് ലഭ്യമാവുന്ന അനുഭവേദ്യ ടൂറിസത്തിന്റെ സാധ്യതകളാണ് പ്രയോജനപ്പെടുത്തുന്നത്. പറശ്ശിനിക്കടവിലെത്തുന്ന സഞ്ചാരികൾക്കുള്ള പാർക്കിങ്‌ സൗകര്യത്തിന്റെ അപര്യാപ്തതയുണ്ട്.