പൊന്നാനി:
‘പൊന്നാനി തീരം ഇനി മൊഞ്ചുള്ള തീരം’ പദ്ധതിയുടെ ഭാഗമായി ബോധവത്കരണ ക്യാമ്പുമായി ടീം തിണ്ടീസ്. പൊതുജനങ്ങളെ ആകർഷിക്കാൻ പാട്ടും വരയും ഉൾപ്പെടെ ചേർത്താണ് ബോധവത്കരണ പരിപാടികൾ നടത്തുന്നത്. പൊന്നാനി കടൽ തീരത്തെ പൂർണമായും മാലിന്യ മുക്തമാക്കി അവധി ദിവസങ്ങളിലും വൈകുന്നേരങ്ങളിലും നിരവധി സന്ദർശകരെ ആകർഷിക്കുന്നതിനുള്ള തീവ്രയജ്ഞ പരിപാടിക്കാണ് ടീം തിണ്ടീസിെൻറ നേതൃത്വത്തിൽ തുടക്കം കുറിച്ചത്.
പൊന്നാനി കടലോരത്തെ വീടുകളിൽനിന്നുള്ള മാലിന്യം കടൽ തീരത്ത് നിക്ഷേപിക്കുന്നതിൽനിന്ന് പൊതുജനങ്ങളെ തടയുന്നതിെൻറ ഭാഗമായാണ് ബോധവത്കരണ പരിപാടികൾ.ദിവസങ്ങൾക്ക് മുമ്പ് കടൽതീരം പൂർണമായും ശുചീകരിക്കുകയും വേസ്റ്റ് ബിന്നുകൾ സ്ഥാപിക്കുകയും ചെയ്തിരുന്നു. തുടർന്ന് കടൽ തീരത്തെ മാലിന്യ നിക്ഷേപം തടയലാണ് ലക്ഷ്യം.
ഇതിനായി പ്രവർത്തകർ തീരദേശത്തെ കേന്ദ്രങ്ങളിൽ കലാവിരുന്നൊരുക്കി പൊതുജനങ്ങളെ ആകർഷിക്കുകയും വീടുകൾ കയറിയിറങ്ങി ബോധവത്കരണം നൽകുകയും ചെയ്തു. പൊന്നാനി നഗരസഭ ആരോഗ്യ വിഭാഗം, കോസ്റ്റൽ പൊലീസ്, എൻ സി സിയും സഹകരിച്ചാണ് ബോധവത്കരണ പരിപാടി നടത്തിയത്. പ്രദേശവാസികളുടെ ഛായ ചിത്രം ചിത്രകാരൻ മണി വരച്ചുനൽകിയും ശ്രീരാജ് ഫ്ലൂട്ടും ആദിൽ ഗിത്താറും വായിച്ച് ബോധവത്കരണ പരിപാടിക്ക് മാറ്റേകി.