Tue. Apr 23rd, 2024
കണ്ണൂർ:

ജില്ലയിലെ ടൂറിസം വികസനത്തിന്‌ കുതിപ്പേകാൻ പഞ്ചായത്തുകൾ. തദ്ദേശ സ്ഥാപനങ്ങളിൽ ഒരു വിനോദസഞ്ചാര കേന്ദ്രമെന്ന ടൂറിസം വകുപ്പിന്റെ നിർദേശം പാലിച്ച്‌ പഞ്ചായത്തുകൾ ടൂറിസം കേന്ദ്രങ്ങൾ നിർണയിച്ച്‌ ജില്ലാ പഞ്ചായത്തിന്‌ സമർപ്പിച്ചു. ഇത്‌ ജില്ലാ പഞ്ചായത്ത്‌ വിനോദസഞ്ചാരവകുപ്പിന്റെ അംഗീകാരത്തിനായി കൈമാറി.

ടൂറിസം മന്ത്രി പി എ മുഹമ്മദ്‌ റിയാസാണ്‌ തദ്ദേശസ്ഥാപന അധ്യക്ഷരുടെ യോഗത്തിൽ ടൂറിസം കേന്ദ്രങ്ങൾ കണ്ടെത്താൻ നിർദേശിച്ചത്‌. ടൂറിസം കേന്ദ്രത്തിലെ കാഴ്‌ചകൾ, സമീപത്തെ തീർത്ഥാടന കേന്ദ്രങ്ങൾ, വാഹന റൂട്ട്‌ എന്നിവയടക്കമുള്ള വിവരങ്ങളാണ്‌ റിപ്പോർട്ടിൽ. ജില്ലാ പഞ്ചായത്താണ്‌ പദ്ധതി നടപ്പാക്കുന്നതിന്‌ നേതൃത്വം നൽകുന്നത്‌.

ഉദയഗിരി തിരുനെറ്റിക്കല്ല്‌,നാറാത്ത്‌ പഞ്ചായത്തിലെ കണ്ണാടിപ്പറമ്പ്‌, കാക്കത്തുരുത്തി, പുല്ലൂപ്പിക്കടവ്‌, ചെങ്ങളായി പഞ്ചായത്തിലെ തേറളായി ദ്വീപ്‌, കിരാത്ത്‌, പേരാവൂരിലെ മയിലാടുംപാറ, ചെറുപുഴയിലെ തിരുനെറ്റി, കൊട്ടത്തലച്ചി, ചപ്പാരപ്പടവിലെ തടിക്കടവ്‌ പന്ത്രണ്ടാംചാൽ പക്ഷിസങ്കേതം, തുടങ്ങി അമ്പതോളം വിനോദസഞ്ചാര ഇടങ്ങൾ പഞ്ചായത്തിൽ ഉൾപ്പെടുന്നു. ഇതിൽ മുപ്പതെണ്ണത്തിന്റെ റിപ്പോർട്ടാണ്‌ ടൂറിസം വകുപ്പിന്‌ സമർപ്പിച്ചത്‌. ജില്ലയിലെ പ്രധാന ടൂറിസം കേന്ദ്രങ്ങളെ ഈ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടില്ല.