Thu. Jan 23rd, 2025
കോടഞ്ചേരി:

മിൽമയിലേക്കു പാലുമായി പോയ ടാങ്കർ ലോറി മൈക്കാവ് കൂടത്തായി റോഡിൽ ഇടലോറ മ‍ൃഗാശുപത്രിക്കു സമീപം തോട്ടിലേക്കു തലകീഴായി മറിഞ്ഞു. ഡ്രൈവർ അത്ഭുതകരമായി രക്ഷപ്പെട്ടു. റോഡിന്റെ സംരക്ഷണ ഭിത്തി തകർന്നതാണ് അപകട കാരണം.

കോടഞ്ചേരി, കണ്ണോത്ത്, നെല്ലിപ്പൊയിൽ, പൂളവള്ളി എന്നീ ക്ഷീരോൽപാദക സഹകരണ സംഘങ്ങളിൽ നിന്നുള്ള പാല് മിൽമയുടെ കോഴിക്കോട് പ്ലാന്റിലേക്ക് കൊണ്ടു പോകും വഴിയാണ് ടാങ്കർ ലോറി അപകടത്തിൽപ്പെട്ടത്.7,900 ലീറ്റർ പാൽ തോട്ടിലൂടെ ഒലിച്ചു പോയി. 4 ലക്ഷത്തോളം രൂപയുടെ നഷ്ടം കണക്കാക്കുന്നു.

നിർമാണം നടക്കുന്ന മൈക്കാവ് കൂടത്തായി റോഡിൽ വാഹനഗതാഗതം ദുഷ്കരമായിട്ട് ഏറെ നാളായി. റോഡ് പണി ഇഴഞ്ഞു നീങ്ങുന്നതിൽ നാട്ടുകാർ കടുത്ത അമർഷത്തിലാണ്. റോഡ് നിർമാണത്തിലെ അപാകത മൂലമാണ് അപകടം ഉണ്ടായതെന്നും റോഡിന്റെ സംരക്ഷണ ഭിത്തിയുടെ അശാസ്ത്രീയമായ നിർമാണമാണ് അപകട കാരണമെന്നും നാട്ടുകാർക്ക് ആക്ഷേപമുണ്ട്.