തിരുവനന്തപുരം:
തിരുവനന്തപുരത്തെ ആറ്റിങ്ങലിലെ വ്യാപാര സ്ഥാപനത്തിൽ തീപിടുത്തം. പൊലീസ് സ്റ്റേഷന് സമീപത്തെ പാത്രങ്ങൾ വിൽക്കുന്ന കടയിലാണ് തീപിടുത്തം ഉണ്ടായത്. പുലർച്ചയോടെ പൊടുന്നനെ തീ ആളിപ്പടരുകയായിരുന്നു.
ഷോർട്ട് സർക്യൂട്ടാണ് അപകട കാരണമെന്നാണ് കരുതുന്നത്. കട ഏതാണ്ട് പൂർണ്ണമായിത്തന്നെ കത്തിനശിച്ചു. ആളുകൾക്ക് പരിക്കേറ്റതായി റിപ്പോർട്ടില്ല.
ഫയർഫോഴ്സിൻ്റെ ആറ് യൂണിറ്റ് എത്തി തീ അണക്കാൻ ശ്രമിക്കുകയാണ് ഇപ്പോൾ. ഇന്ന് പുലർച്ചെ നാല് മണിയോടെയാണ് തീപിടുത്തമുണ്ടായത്. നാല് കട മുറികൾ പൂർണമായി കത്തിയമർന്നു. മധുര അലുമിനിയം സ്റ്റോഴ്സ്, ശ്രീനാരായണ പ്ലാസ്റ്റിക് എന്നീ കടയും അതിൻ്റെ ഗോഡൗണിനുമാണ് തീപിടിച്ചത്.
രണ്ടര മണിക്കൂറിലധികമായി തീ അണക്കാനുള്ള ശ്രമം തുടരുകയാണ്. പ്ലാസ്റ്റിക്, അലൂമിനിയം പാത്രങ്ങൾ, പേപ്പർ, സാനിറ്റൈസർ തുടങ്ങിയവയാണ് ഗോഡൗണിൽ പ്രധാനമായും ഉള്ളത്. കെട്ടിടം ഇടിഞ്ഞ് വീഴുന്നത് രക്ഷാപ്രവർത്തനത്തിന് തടസ്സമായതായി ജില്ലാ ഫയർ ഓഫീസർ എം സുധി പറഞ്ഞു. എന്നാൽ തീ നിയന്ത്രണ വിധേയമായെന്നും മറ്റ് കെട്ടിടങ്ങളിലേക്ക് പടരാൻ ഇനി സാധ്യതയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.