കൽപ്പറ്റ:
വാട്സാപ്പിലും ഫെയ്‌സ് ബുക്കിലും അഭിരമിച്ച് സമയം കളയുന്ന യുവത്വത്തിനൊപ്പം ശരത്തില്ല. അവൻ നടക്കുകയാണ് ഒറ്റയ്‌ക്ക്. പ്രകൃതിയെ കണ്ടറിയാനും സംരക്ഷിക്കാനും. മലപ്പുറം എടപ്പാളുകാരനാണ് ഇരുപത്തിമൂന്നുകാരനായ കേളോടത്തുപടി ശരത്ത്.
കാസർകോട് മുതൽ കന്യാകുമാരിവരെ പ്രകൃതിസംരക്ഷണം ലക്ഷ്യമിട്ട് നടക്കാനിറങ്ങിയിരിക്കയാണ് ആയുർവേദ തെറാപ്പിസ്‌റ്റായ ഈ യുവാവ്. 45 ദിവസംകൊണ്ട് നടന്നുതീർക്കുകയാണ് ലക്ഷ്യം. ‘പരിസ്ഥിതിയെ സംരക്ഷിക്കുക, ഹരിത ലോകം കെട്ടിപ്പടുക്കുക’ എന്നതാണ് മുദ്രാവാക്യം.
ഗ്രീൻ ക്ലീൻ കേരള മിഷനുമായി സഹകരിച്ചാണ് യാത്ര. ഓരോ ജില്ലകളിലും വൃക്ഷത്തെകളും നടും. തൈകൾ ഗ്രീൻ ക്ലീൻ കേരളാ മീഷൻ നൽകും. സെപ്‌തംബർ 25ന് ബേക്കൽ കോട്ടയിൽനിന്ന് നടത്തം തുടങ്ങി ചൊവ്വാഴ്‌ച ജില്ലയിലെത്തി.
ഊരുമൂപ്പനായ മട്ടിലയത്തെ ശേഖരന്റെ വീട്ടുമുറ്റത്ത് വൃക്ഷത്തെ നട്ടാണ് ജില്ലയിലെ നടത്ത പര്യടനത്തിന് തുടക്കമിട്ടത്.‘സപ്പോർട്ട് വോക്ക്’ എന്ന വാട്‌സാപ്പ് ഗ്രൂപ്പുണ്ടാക്കി 14 ജില്ലകളിലുമുള്ള പരിസ്ഥിതി സ്‌നേഹികളെ അംഗങ്ങളാക്കിയാണ് നടത്തം തുടങ്ങിയത്. ഓരോ ജില്ലയിലുമെത്തുമ്പോൾ ഗ്രൂപ്പിലുള്ളവർ സഹായത്തിനെത്തും.
സ്‌കൂളുകളിലൈ ഇക്കോ ക്ലബ്ബായ ദേശീയ ഹരിതസേനയുടെ ജില്ലാ കോർഡിനേറ്റർ സി ജയരാജനാണ് ജില്ലയിൽ ആവശ്യമായ സൗകര്യമൊരുക്കിയത്. ഗ്രീൻ ക്ലീൻ കേരള മിഷൻ ശരത്തുമായി സഹകരിച്ച് ഒരു പ്രത്യേക വൃക്ഷത്തൈ പരിപാലന മത്സരവും പരിസ്ഥിതി ക്യാമ്പയിനും സംഘടിപ്പിക്കുന്നുണ്ട്.