Thu. May 9th, 2024
Eloor River

ഏലൂർ: ജീവിതം ദുരിതത്തിലാക്കി ഏലൂർ മേഖലയിൽ വ്യാവസായിക മലിനീകരണം. എറണാകുളം ഏലൂർ മുനിസിപ്പാലിറ്റിയിലെ വ്യവസായ മേഖലയോട് ചേർന്നുള്ള 7, 8, 9,10 വാർഡുകളാണ് മലിനീകരണത്തിന്റെ ബുദ്ധിമുട്ട് ഏറ്റവും അധികം അനുഭവിക്കുന്നത്. രാത്രികാലങ്ങളിൽ മലിനീകരണത്തോത് വളരെ അധികമാണെന്നും ഇതിനെതിരെ കൃത്യമായ നടപടികൾ മലിനീകരണ നിയന്ത്രണ ബോർഡിലെ അടക്കം അധികാരികളിൽനിന്ന് ഉണ്ടാവുന്നില്ലെന്നുമാണ് നാട്ടുകാർ അഭിപ്രായപ്പെടുന്നത്. ഉയർന്ന അളവിലുള്ള മലിനീകരണം പ്രദേശത്തെ ആളുകളിൽ ശ്വാസകോശ രോഗമടക്കമുള്ള വിവിധ തരം രോഗങ്ങൾക്ക് കാരണമാക്കുന്നുണ്ട്.

കൊച്ചി നഗരത്തോട് ചേർന്ന് കിടക്കുന്ന പ്രദേശമായ ഏലൂരിൽ കൊച്ചിൻ റിഫൈനറിയും എഫ്എസിടിയും അടക്കം ഒട്ടനവധി വ്യവസായ സംരംഭങ്ങൾ സ്ഥിതി ചെയ്യുന്നുണ്ട്. മേഖലയിലെ വ്യവസായശാലകളിൽനിന്നുള്ള മാലിന്യം സമീപത്തുകൂടി ഒഴുകുന്ന കൊച്ചി നഗരത്തിന്റെ ഏക കുടിവെള്ള സ്രോതസ്സായ പെരിയാറിലേക്ക് ഒഴുക്കുന്നതുമായി ബന്ധപ്പെട്ട് വർഷങ്ങളായി ജനങ്ങൾ പരാതിയുമായി രംഗത്തുള്ളതാണ്. പക്ഷേ, നിയമവും സംവിധാനങ്ങളും നോക്കുകുത്തിയായി ഇപ്പോഴും വലിയ അളവിൽ മാലിന്യങ്ങൾ വിവിധ കമ്പനികളിൽ നിന്നായി പെരിയാറിനെ മലിനമാക്കുന്നു. 

സെപ്റ്റംബറിൽ മലിനീകരണ നിയന്ത്രണ ബോർഡിന്റെ മേൽനോട്ടത്തിൽ പ്രദേശത്തെ മലിനീകരണം നിരീക്ഷിക്കുന്നതിനായി ഒരു സമിതിയെ നിയോഗിക്കുകയും ഓരോ രണ്ട് മാസത്തിലും സമിതി കൂടി മലിനീകരണത്തോത് നിരീക്ഷിച്ച് നടപടികൾ കൈക്കൊള്ളാനും നിർദേശിച്ചിട്ടുള്ളതാണ്. കൂടാതെ പ്രദേശത്തെ വ്യവസായ മാലിന്യങ്ങൾ ശുദ്ധീകരിക്കാനായി ഒരു കേന്ദ്രീകൃത പ്ലാന്റ് ആരംഭിക്കാനുള്ള തീരുമാനവും എടുത്തിരുന്നു. എന്നാൽ പ്രഖ്യാപനങ്ങൾ ഏറെ ഉണ്ടായിട്ടും ജനങ്ങളെ ദുരിതത്തിലാക്കി പ്രദേശത്ത് ഇപ്പോഴും മലിനീകരണം യാതൊരു കുറവുമില്ലാതെ തുടരുകയാണ്.

Instagram will load in the frontend.