Sun. May 19th, 2024

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാക്കെതിരെ സ്ഥാനാർഥിത്വം പ്രഖ്യാപിച്ചവരെ നാമനിർദേശ പത്രിക പിൻവലിക്കാൻ ബിജെപി നിർബന്ധിച്ചുവെന്ന ആരോപണവുമായി ഗുജറാത്തിൽ സ്ഥാനാർത്ഥികൾ രംഗത്തുവന്ന വാർത്ത കഴിഞ്ഞ ദിവസങ്ങളിൽ പുറത്തുവന്നിരുന്നു. അമിത് ഷായുടെ ആളുകൾ നിരന്തരം തങ്ങളെ പിന്തുടരുന്നുവെന്നും പത്രിക പിൻവലിക്കാൻ സമ്മർദ്ദം ചെലുത്തുന്നുവെന്നുമായിരുന്നു ആരോപണം.

ജിതേന്ദ്ര ചൗഹാൻ എന്ന വ്യക്തിയാണ് ഫേസ്ബുക്ക് ലൈവിലൂടെ ബിജെപിക്കെതിരെ ആദ്യമായി ആരോപണമുയർത്തിയത്. പിന്നാലെ മറ്റ് സ്ഥാനാർത്ഥികളും മുന്നോട്ട് വരികയായിരുന്നു.

2022ലെ ഗുജറാത്തിലെ നിയമസഭ തിരഞ്ഞെടുപ്പിൽ വിജയിച്ച ആംആദ്മി പാർട്ടിയിലെ അഞ്ച് സ്ഥാനാർത്ഥികളിൽ ഒരാളായ ചൈതർ വാസവയോട് എംഎൽഎ സ്ഥാനം രാജിവെക്കാൻ ബിജെപി ആവശ്യപ്പെട്ടിരുന്നുവെന്ന്  ചൈതർ വാസവ പറഞ്ഞതായി സ്ക്രോൾ റിപ്പോർട്ട് ചെയ്യുന്നു. 

നിയമസഭ തിരഞ്ഞെടുപ്പിൽ താൻ വിജയിച്ച് നാല് ദിവസത്തിന് ശേഷമാണ് ആദ്യമായി ബിജെപിയിൽ നിന്ന് ഫോൺ കോൾ വരുന്നതെന്നും അവരുടെ നേതാവിനെ വന്ന് കാണണമെന്ന് ആവശ്യപ്പെട്ടുവെന്നും ചൈതർ വാസവ പറഞ്ഞു. 

 സംസ്ഥാനത്തെ തെക്കൻ മേഖലയിലെ ആദിവാസി ഭൂരിപക്ഷ മണ്ഡലമായ ദിദിയാപാഡയിൽ നിന്നുമാണ് ചൈതർ വാസവ തിരഞ്ഞെടുക്കപ്പെട്ടത്. 2022 ഡിസംബറിൽ നടന്ന തിരഞ്ഞടുപ്പിൽ 182ൽ 156 സീറ്റും സ്വന്തമാക്കി ബിജെപി അധികാരത്തിലേറിയിരുന്നു. 

തന്നെ വിളിച്ച ബിജെപി നേതാവിനെ നേരിട്ട് കണ്ടുവെന്നും തന്നോട് അവർ എംഎൽഎ സ്ഥാനം രാജിവെക്കാൻ ആവശ്യപ്പെട്ടുവെന്നും  ചൈതർ വാസവ പറയുന്നു.’നിങ്ങൾ എംഎൽഎ സ്ഥാനം രാജിവെക്കൂ,  നിങ്ങൾക്ക് ഞങ്ങൾ മത്സരിക്കാൻ ടിക്കറ്റ് നൽകാമെന്ന്’ ബിജെപി നേതാവ് വാസവയോട് പറഞ്ഞു. ഇതിന് മറുപടിയായി തന്നെ ട്രൈബൽ മന്ത്രിയാക്കുമോയെന്ന് ചോദിച്ചിരുന്നുവെന്നും വാസവ പറഞ്ഞു. എന്നാൽ ആദ്യം ജയിക്കുവെന്നും മറ്റ് കാര്യങ്ങൾ പിന്നീട് നോക്കാമെന്നുമാണ് ബിജെപി നേതാവ് മറുപടി നൽകിയത്.

എന്നാൽ ചൈതർ വാസവ ആ ഓഫർ നിരസിക്കുകയായിരുന്നു. 2023 ജനുവരിയിൽ ചൈതർ വാസവയുടെ സത്യവാങ്മൂലത്തിൽ പൊരുത്തക്കേടുകളുണ്ടെന്ന് ചൂണ്ടിക്കാട്ടി ബിജെപി വാസവയുടെ തിരഞ്ഞെടുപ്പ് വിജയത്തെ ചോദ്യം ചെയ്ത് കോടതിയെ സമീപിച്ചു. എംഎൽഎ സ്ഥാനം രാജിവെക്കുകയാണെങ്കിൽ കോടതിയിലെ കേസ് അവസാനിപ്പിക്കാമെന്ന് ബിജെപി നിരന്തരം ആവശ്യപ്പെട്ടുകൊണ്ടിരുന്നുവെന്ന് വാസവ പറയുന്നു. 

ഒക്ടോബറിൽ വാസവക്ക് അനുകൂലമായി കോടതി വിധി വന്ന് ദിവസങ്ങൾക്കുള്ളിൽ വനംവകുപ്പ് ഉദ്യോഗസ്ഥരെ ആക്രമിച്ചുവെന്ന കുറ്റം ചുമത്തി വാസവക്കും ഭാര്യക്കുമെതിരെ പോലീസ് കേസെടുത്തു. അറസ്റ്റ് ചെയ്യപ്പെടാതിരിക്കാൻ ശ്രമിച്ചെങ്കിലും അവസാനം  വാസവക്ക് പോലീസിൽ കീഴടങ്ങേണ്ടി വന്നു.

വാസവക്കെതിരെയുള്ള നടപടിയെ തുടർന്ന് എഎപി എംഎൽഎ ഭൂപേന്ദ്ര ബയാനി ഗുജറാത്ത് അസംബ്ലിയിൽ നിന്നും രാജിവെച്ചിരുന്നു. പിന്നാലെ കോൺഗ്രസ് എംഎൽഎ ചിരാഗ് പട്ടേലും തൻ്റെ എംഎൽഎ സ്ഥാനം രാജി വെച്ചു. 

 

By Firdousy E R

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ് ട്രെയ്‌നി. ജീവന്‍ ടി വിയില്‍ പ്രവര്‍ത്തന പരിചയം.