Sat. May 18th, 2024

കുലംകുത്തിയെന്നായിരുന്നു അന്ന് പാർട്ടി സെക്രട്ടറിയായിരുന്ന പിണറായി വിജയൻ ടി പി ചന്ദ്രശേഖരനെക്കുറിച്ച് പറഞ്ഞത്. കൊലപാതകത്തിന് ശേഷവും ചന്ദ്രശേഖരനെതിരെ ആരോപണങ്ങൾ സിപിഎം നേതാക്കൾ ഉയർത്തിയിരുന്നു

2012 മെയ് 4, വടകരക്കടുത്ത് വള്ളിക്കാട് വെച്ച് ആർഎംപി നേതാവ് ടി പി ചന്ദ്രശേഖരനെ ബോംബെറിഞ്ഞ് വീഴ്ത്തി 51 വെട്ടുകൾ വെട്ടി ക്രൂരമായി കൊലപ്പെടുത്തിയ ദിവസം. സിപിഎം നേതാക്കളടക്കം പ്രതികളായ കേസ് കേരള രാഷ്ട്രീയത്തിൽ തന്നെ കോളിളക്കം സൃഷ്ടിച്ച ഒന്നായിരുന്നു. 

ടി പി ചന്ദ്രശേഖരൻ്റെ പതിമൂന്നാം രക്തസാക്ഷിത്വ ദിനമാണിന്ന്. കേരളത്തിൻ്റെ രാഷ്ട്രീയ ചരിത്രത്തിൽ ഏറ്റവും കൂടുതൽ ചർച്ചയായതും സിപിഎമ്മിനെ പ്രതിരോധത്തിലാക്കുകയും ചെയ്ത ഒന്നായിരുന്നു ടിപിയുടെ വധം. 

സിപിഎം സംഘടന വിഷയങ്ങളിൽ അച്യുതാന്ദനുമായി ചേർന്നു നിന്നിരുന്ന ടി പി ചന്ദ്രശേഖരൻ, പിന്നീട് സിപിഎം വിട്ട് ഒഞ്ചിയത്ത് ആർഎംപി(റെവല്യൂഷണറി മാർക്സിസ്റ്റ് പാർട്ടി) എന്ന പാർട്ടി രൂപീകരിക്കുകയായിരുന്നു. അതിൻ്റെ പക തീർക്കാൻ സിപിഎം നേതൃത്വം ടി പി ചന്ദ്രശേഖരനെ വെട്ടിക്കൊലപ്പെടുത്തിയെന്നായിരുന്നു കേസ്. 

എന്നാൽ ടി പി വധക്കേസിൽ പാർട്ടിക്ക് യാതൊരു പങ്കുമില്ലെന്നായിരുന്നു സിപിഎം നൽകിയ വിശദീകരണം. കുലംകുത്തിയെന്നായിരുന്നു അന്ന് പാർട്ടി സെക്രട്ടറിയായിരുന്ന പിണറായി വിജയൻ ടി പി ചന്ദ്രശേഖരനെക്കുറിച്ച് പറഞ്ഞത്. കൊലപാതകത്തിന് ശേഷവും ചന്ദ്രശേഖരനെതിരെ ആരോപണങ്ങൾ സിപിഎം നേതാക്കൾ ഉയർത്തിയിരുന്നു. അപ്പോഴും കൊലപാതകത്തിൽ പങ്കില്ലെന്നായിരുന്നു പാർട്ടി ആവർത്തിച്ച് പറഞ്ഞുകൊണ്ടിരുന്നത്.

കൊലപാതകം നടത്ത് 11 ദിവസത്തിന് ശേഷമാണ് കേസിൽ പ്രധാനപ്പെട്ട അറസ്റ്റ് നടക്കുന്നത്. മെയ് 16ന് സിപിഎം കുന്നുമ്മക്കര ലോക്കൽ കമ്മിറ്റി അംഗമായിരുന്ന കെ സി രാമചന്ദ്രനെ പോലീസ് അറസ്റ്റ് ചെയ്തു. കെ സി രാമചന്ദ്രൻ്റെ അറസ്റ്റിന് ശേഷമാണ് ടി പി വധത്തിനെക്കുറിച്ചുള്ള നിർണായക വിവരങ്ങൾ പുറത്തുവരുന്നത്. 

ശേഷം മെയ് 19 ന് സിപിഎം കുന്നോത്ത് പറമ്പ് ലോക്കൽ കമ്മിറ്റിയംഗം അറസ്റ്റിലായി. മെയ് 23നാണ് ടി പി ചന്ദ്രശേഖരനെ വെട്ടിക്കൊലപ്പെടുത്തിയ കൊലയാളി സംഘത്തിലെ ആദ്യത്തെയാളെ അറസ്റ്റ് ചെയ്യുന്നത്. മൈസൂരിൽ നിന്നാണ് അണ്ണൻ എന്ന് വിളിപ്പേരുള്ള സിജിത്തിനെ അറസ്റ്റ് ചെയ്യുന്നത്. 

പിന്നാലെ മെയ് 24 ന് ഒഞ്ചിയം ഏരിയാസെക്രട്ടറി സിഎച്ച് അശോകൻ, ഏരിയാ കമ്മിറ്റിയംഗം കെ കെ കൃഷ്ണൻ എന്നിവർ അറസ്റ്റിലായി. മെയ്‌ 25നാണ് സിപിഎം തലശ്ശേരി ഏരിയ കമ്മിറ്റി അംഗം പിപി രാമകൃഷ്‌ണൻ അറസ്‌റ്റിലാകുന്നത്. മെയ്‌ 30 ന് വായപ്പടച്ചി റഫീക്ക്‌ പൊലീസിന് മുന്നിൽ കീഴടങ്ങുകയായിരുന്നു.

തുടർന്ന് 2012 ഓഗസ്റ്റ് 13 ന് കേസിൽ 76 പേരെ പ്രതിയാക്കി വടകര ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ പ്രത്യേക അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചു. സെപ്റ്റംബർ 11 ന് സിപിഎം കണ്ണൂർ ജില്ല കമ്മിറ്റിയംഗം കാരായി രാജൻ അടക്കമുള്ള 20 പേരെ തെളിവില്ലെന്ന് കണ്ട് കോടതി വെറുതെ വിടുകയായിരുന്നു. ഒക്ടോബർ 30 നാണ് കേസിൽ അന്തിമ വാദം തുടങ്ങിയത്. ജനുവരി 22 ന് 12 പ്രതികളെ കുറ്റക്കാരെന്ന് കണ്ടെത്തിയ കോടതി 24 പേരെ വെറുതെവിടുകയായിരുന്നു. ജനുവരി 28 ന് 12 പേരിൽ 11 പേർക്ക് ജീവപര്യന്തവും 31ാം പ്രതിക്ക് മൂന്ന് കൊല്ലം തടവുശിക്ഷയും കോടതി വിധിച്ചു.

കൊലപാതകം നടന്ന് പത്ത് വർഷത്തിന് ശേഷം 12 പ്രതികൾ വിധിക്കെതിരെ നൽകിയ അപ്പീൽ ഹൈക്കോടതി തള്ളുകയും ഒഞ്ചിയം സിപിഎം മുൻ ഏരിയ കമ്മിറ്റി അംഗം കെ കെ കൃഷ്ണനെയും ജ്യോതി ബാബുവിനെയും വെറുതെ വിട്ടത് റദ്ദാക്കുകയും ചെയ്തു. വിചാരണക്കോടതി വെറുതെവിട്ടവർക്കെതിരെ ടി പി ചന്ദ്രശേഖരൻ്റെ ഭാര്യയും ആർഎംപി നേതാവും എംഎൽഎയുമായ കെ കെ രമ നൽകിയ അപ്പീലിലാണ് കൃഷ്ണനെയും ജ്യോതി ബാബുവിനെയും കുറ്റക്കാരായി കണ്ടെത്തിയത്. അന്വേഷണ സംഘം സമർപ്പിച്ച കുറ്റപത്രത്തിൽ കൃഷ്ണൻ 10ാം പ്രതിയും ജ്യോതി ബാബു 12ാം പ്രതിയുമായിരുന്നു. 

ടിപിയുടെ കൊലപാതകത്തിന് ശേഷം ഇന്നുവരെ വടകര മണ്ഡലത്തിൽ സിപിഎമ്മിന് വിജയിക്കാനായിട്ടില്ല. വനിത കമ്മിഷൻ അധ്യക്ഷയായ പി സതിദേവി, എ എം ഷംസീർ, പി ജയരാജൻ എന്നിവർ വടകരയിൽ നിന്നും പരാജയപ്പെട്ടവരാണ്. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ കെ കെ രമയെയാണ് വടകരയിലെ ജനങ്ങൾ തിരഞ്ഞെടുത്തത്. 

FAQs

ആരാണ് കെ കെ രമ?

ആർഎംപി പ്രവർത്തകയും പതിനഞ്ചാം കേരളനിയമസഭയിലെ പ്രതിനിധിയുമാണ് കെ കെ രമ. വടകര മണ്ഡലത്തിൽ നിന്നും ആർഎംപി പ്രതിനിധിയായാണ് കെ കെ രമ കേരളനിയമസഭയിൽ അംഗമായത്.

ആരാണ് പി സതിദേവി?

കേരള വനിതാ കമ്മീഷൻ അദ്ധ്യക്ഷയും കേരളത്തിൽനിന്നുള്ള രാഷ്ട്രീയ നേതാവുമാണ് പി സതീദേവി. പതിനഞ്ചാം ലോക്‌സഭയിലേക്ക് വടകരയിൽനിന്നും മൽസരിച്ചുവെങ്കിലും മുല്ലപ്പള്ളി രാമചന്ദ്രനോട് പരാജയപ്പെടുകയായിരുന്നു.

ആരാണ് പി ജയരാജൻ?

സിപിഎമ്മിൻ്റെ സംസ്ഥാന കമ്മറ്റി അംഗവും പാർട്ടിയുടെ മുൻ കണ്ണൂർ ജില്ലാ സെക്രട്ടറിയും മുൻ എംഎൽഎയുമാണ് പി ജയരാജൻ.

Quotes

രാഷ്ട്രീയത്തിൽ മണ്ടത്തരം ഒരു വൈകല്യമല്ല- നെപോളിയൻ ബോണപാർട്ട്