പയ്യന്നൂർ:
ഏഴിമല നാവിക അക്കാദമിക്കുവേണ്ടി ഭൂമി ഏറ്റെടുത്തതുമായി ബന്ധപ്പെട്ട് 223 കേസുകൾ പയ്യന്നൂർ സബ് കോടതിയുടെ പരിഗണനയിലുണ്ടെന്നും കേസ് തീർപ്പായാൽ നഷ്ടപരിഹാരം നൽകുമെന്നും സർക്കാർ വ്യക്തമാക്കി. നിയമസഭയിൽ ടി ഐ മധുസൂദനന് എം എല്‍ എ ഉന്നയിച്ച സബ്മിഷനുള്ള മറുപടിയിലാണ് സർക്കാർ ഇക്കാര്യം അറിയിച്ചത്.ഏഴിമല നാവിക അക്കാദമി സ്ഥാപിക്കാൻ ജില്ലയിലെ അവിഭക്ത തളിപ്പറമ്പ് താലൂക്ക് രാമന്തളി വില്ലേജില്‍പെട്ട 850 ഹെക്ടറിലധികം ഭൂമിയാണ് 1983-84 കാലഘട്ടത്തില്‍ ഏറ്റെടുത്തത്.
1894ലെ ഭൂമി ഏറ്റെടുക്കല്‍ നിയമപ്രകാരം ഏറ്റെടുക്കുകയും കുടിയൊഴിപ്പിക്കപ്പെട്ടവര്‍ക്ക് സ്ഥലമെടുപ്പ് കാലഘട്ടത്തില്‍ ഉചിതമായ നഷ്ടപരിഹാരം നല്‍കുകയും ചെയ്തതായി മറുപടിയിൽ പറയുന്നു. 1894ലെ ഭൂമി ഏറ്റെടുക്കല്‍ നിയമം 18ാം വകുപ്പ് പ്രകാരം വർധനക്കുവേണ്ടി എൽ എ ഒ മുഖാന്തരം റഫറന്‍സ് കോടതി മുമ്പാകെ അപേക്ഷ സമര്‍പ്പിച്ചിട്ടില്ലാത്തവര്‍ക്ക് ഒരേ നോട്ടിഫിക്കേഷനില്‍ ഉള്‍പ്പെട്ട സമാന സ്വഭാവമുള്ള വസ്തുക്കളില്‍ റഫറന്‍സ് കോടതി വർധന അനുവദിച്ച് നല്കിയ വിധി ന്യായം കാണിച്ച് വർധന തങ്ങള്‍ക്കും ബാധകമാകാൻ ഭൂമി ഏറ്റെടുക്കല്‍ നിയമം വകുപ്പ് 28 എ പ്രകാരം അപേക്ഷ സമര്‍പ്പിക്കാം. അപ്രകാരം നഷ്ടപരിഹാരം പുനര്‍നിർണയിക്കാൻ കുടിയൊഴിപ്പിക്കപ്പെട്ടവര്‍ 1894 ലെ ഭൂമി ഏറ്റെടുക്കല്‍ നിയമം 28 എ വകുപ്പ് പ്രകാരം സമര്‍പ്പിച്ച ആയിരക്കണക്കിന് അപേക്ഷകള്‍ പരിഗണിച്ച് നഷ്ടപരിഹാരം വര്‍ധിപ്പിച്ച് നല്‍കിയതായും മറുപടിയിൽ മന്ത്രി അറിയിച്ചു.