Mon. Dec 23rd, 2024
കുറ്റ്യാടി:

കോടികൾ ചിലവഴിച്ച കുട്ടികളുടെ പാർക്ക് തുറന്നു കൊടുക്കാൻ നടപടി വൈകുന്നതായി പരാതി. റിവർ റോഡിൽ കുറ്റ്യാടി പുഴയോരത്ത് 10 വർഷം മുൻപാണ് കുട്ടികളുടെ പാർക്ക് നിർമാണം തുടങ്ങിയത്. നേരത്തെയുണ്ടായിരുന്ന കളി സ്ഥലമാണ് പാർക്കിനായി മാറ്റിയത്.

ജില്ലാ പഞ്ചായത്ത് ഫണ്ട് 35 ലക്ഷം രൂപ ചെലവഴിച്ചാണ് പാർക്ക് നിർമാണ നടപടികൾ ആരംഭിച്ചത്. പുഴയോരത്ത് സംരക്ഷണ മതിൽ കെട്ടി മണ്ണിട്ട് ഉയർത്തുകയും ചെയ്തു.തുടർന്നു മാറിമാറി വന്ന പഞ്ചായത്ത് ഭരണസമിതികൾ പാർക്കിനായി ലക്ഷങ്ങൾ പിന്നെയും ചിലവഴിച്ചു.

കുട്ടികൾക്ക് കളിയുപകരണങ്ങൾ, ശിൽപങ്ങൾ എന്നിവ സ്ഥാപിക്കുകയും പുൽത്തകിടി ഒരുക്കുകയും ചെയ്തു. സംരക്ഷണമില്ലാതെ വന്നതോടെ കളിയുപകരണങ്ങൾ നശിച്ചു തുടങ്ങി.പുൽത്തകിടി ഉണങ്ങി നശിച്ചു.

പാർക്കിന്റെ പരിസരം കാടുമൂടിയ അവസ്ഥയിലാണ്. സാമൂഹിക വിരുദ്ധരുടെ താവളവുമായി. നാടോടികൾ ആക്രിസാധനങ്ങൾ സൂക്ഷിക്കുന്നതും പാർക്കിലാണ്.

കഴിഞ്ഞ വർഷം ലക്ഷങ്ങൾ മുടക്കി ഓഫിസ് കെട്ടിടം, ടിക്കറ്റ് കൗണ്ടർ എന്നിവ പണിയുകയും പാർക്കിലേക്കുള്ള റോഡ് പൂട്ടുകട്ട പതിച്ച് മനോഹരമാക്കുകയും ചെയ്തു.കുട്ടികൾക്കും മുതിർന്നവർക്കും വൈകുന്നേരങ്ങൾ ഉല്ലാസത്തിനായി ചെലവഴിക്കാനുള്ള ഇടമാക്കി മാറ്റുന്നതിനാണ് പാർക്ക് നിർമാണം ആരംഭിച്ചത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് കുടുംബശ്രീ പ്രവർത്തകരുടെ സഹായത്തോടെ കുറച്ചു ദിവസം പാർക്ക് തുറന്നു കൊടുത്തെങ്കിലും കൊവിഡ് വ്യാപനത്തോടെ അടച്ചുപൂട്ടുകയും ചെയ്തു.

കൊവിഡ് നിയന്ത്രണത്തിന് ഇളവ് വന്ന സാഹചര്യത്തിൽ പാർക്കിന് ചുറ്റും വിളക്ക് സ്ഥാപിക്കുകയും പുൽത്തകിടി ഒരുക്കുകയും ചെയ്ത് തുറന്നുകൊടുക്കാൻ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
കുട്ടികളുടെ പാർക്കിൽ ആവശ്യമായ സൗകര്യങ്ങൾ ഒരുക്കുന്നതിന് നേരത്തെ ഫണ്ട് അനുവദിച്ചിട്ടുണ്ട്. കൊവിഡ് കാരണം ഫണ്ട് വിനിയോഗിക്കാനായില്ല. ഊരാളുങ്കൽ സൊസൈറ്റിയുടെ സഹകരണത്തോടെ റിവർ റോഡ് കേന്ദ്രീകരിച്ച് വികസനപ്രവർത്തനങ്ങൾ നടത്തുന്നതിനുള്ള ചർച്ച കഴിഞ്ഞ ദിവസം നടത്തിയിട്ടുണ്ട്.