അടൂർ:
ഓയിൽ പേസ്റ്റൽ ഉപയോഗിച്ച് ഒരു എ ഫോർ സൈസ് കടലാസിൽ വർണാഭമായ 10 വ്യത്യസ്ത പ്രകൃതിദൃശ്യങ്ങൾ രണ്ടു മണിക്കൂർ കൊണ്ട് വരച്ച ജെ ഫസ്നക്ക് ഇന്ത്യ ബുക്ക് ഓഫ് റെക്കോഡ്സ് അംഗീകാരം. 10 സെ മീ നീളവും ആറ് സെ മീ വീതിയുമുള്ള പത്ത് ചിത്രങ്ങളാണ് ഒരു കടലാസിൽ വരച്ച് ഈ മിടുക്കി ശ്രദ്ധേയ നേട്ടം കൈവരിച്ചത്.
ലോക് ഡൗൺ കാലത്താണ് ഫസ്നയുടെ ചിത്രരചനയിലെ പ്രാവീണ്യം പ്രകടമായത്. പെൻസിൽ പെയിൻറിങിൽ തുടങ്ങി സ്റ്റെൻസിൽ ഡ്രോയിങ്, ഹൂപ്പ് ആർട്ട്, ഓയിൽ പേസ്റ്റൽ ഡ്രോയിങ്ങ്, ക്രാഫ്റ്റ് വർക്ക്, സ്റ്റോൺ പെയിൻറിങ് എന്നിവയിലെല്ലാം കഴിവ് തെളിയിച്ചു.
പറക്കോട് കുളപ്പുറത്ത് വീട്ടിൽ വ്യാപാരിയായ ഷൗക്കത്തിൻ്റെയും പഴകുളം ഗവ എൽ പി സ്കൂൾ അധ്യാപിക ജിഷിയുടെയും മകളാണ്. പന്തളം എൻ എസ് എസ് കോളജിൽനിന്ന് ഇംഗ്ലീഷ് ബിരുദവും നേടി. മുഹമ്മദ് ഫൈസൽ സഹോദരനാണ്.