Mon. Dec 23rd, 2024
വടകര:

സാൻഡ്ബാങ്ക്സ് വിനോദ സഞ്ചാര കേന്ദ്രത്തോട് അനുബന്ധിച്ചുള്ള കളിസ്ഥലം സംരക്ഷിക്കണമെന്ന ആവശ്യം ശക്തം. 50 വർഷത്തിലധികമായി പ്രദേശവാസികൾ പതിവായി കളിക്കുന്നതും വിവിധ ക്ലബുകളുടെ മത്സരം നടക്കുന്നതുമായ മൈതാനം ടൂറിസം വകുപ്പിന് കൈമാറാൻ നീക്കം നടക്കുന്നുവെന്നാണ് ആരോപണം. നിലവിൽ റവന്യു വകുപ്പ് കൈവശം വച്ച ഭൂമി നേരത്തേ നഗരസഭയുടെ സയൻസ് മ്യൂസിയത്തിന് നൽകാൻ ധാരണയായിരുന്നു.

എന്നാൽ തീരദേശ നിയമക്കുരുക്കിൽ കെട്ടിടം പണിയാനായില്ല.ഒന്നര ഏക്കർ ഭൂമിയാണ് ഇപ്പോൾ അവശേഷിക്കുന്നത്. ഇതിനോടു ചേർന്നു അരയേക്കർ വിനോദ സഞ്ചാര കേന്ദ്രത്തിന്റെ പാർക്കിങ് സ്ഥലമാക്കി.

24 സെന്റ് തീരദേശ സ്റ്റേഷനും നൽകിയതിന്റെ ബാക്കി മാത്രമേ ഇപ്പോഴുള്ളൂ. അവശേഷിക്കുന്ന ഭാഗം കൂടി ഏറ്റെടുത്ത് പാർക്കിങ് സ്ഥലം ഉൾപ്പെടെയുള്ള സൗകര്യം ഒരുക്കാനാണ് തീരുമാനം എന്നറിയുന്നു. ഇതോടെ ഈ ഭാഗത്ത് അവശേഷിക്കുന്ന കളിസ്ഥലവും നഷ്ടമാകും. കളി സ്ഥലം സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് വിവിധ രാഷ്ട്രീയ സംഘടനകൾ പോസ്റ്റർ സ്ഥാപിച്ചു.