Thu. Apr 25th, 2024
കോഴിക്കോട്‌:

മഹാമാരിക്കാലത്തിന്‌ അനുയോജ്യമാംവിധം ഇരട്ടി വാക്‌സിൻ ശേഖരണ ശേഷിയുള്ള പുതിയ കേന്ദ്രം. വാക്‌ ഇൻ ഫ്രീസറും വാക്‌ ഇൻ കൂളറുമടക്കം ആധുനിക ഉപകരണങ്ങൾ, വിശാലമായി കെട്ടിട സൗകര്യം. മലബാറിലെ വാക്‌സിൻ വിതരണ നടപടികളെ ത്വരിതപ്പെടുത്തുംവിധം മുഖംമാറിയ മേഖലാ വാക്‌സിൻ സംഭരണ കേന്ദ്രം  പ്രവൃത്തിപഥത്തിലേക്ക്‌.

മലപ്പുറം, കോഴിക്കോട്‌, വയനാട്‌, കണ്ണൂർ, കാസർകോട്‌ ജില്ലകളിലേക്കുള്ള വാക്‌സിനും കുടുംബാരാേഗ്യത്തിനായുള്ള മരുന്നും അനുബന്ധ സാധന സാമഗ്രികളും  ശേഖരിക്കാനുള്ള   കേന്ദ്രമാണിത്‌.   ബ്രിട്ടീഷ്‌ ഭരണകാലത്ത്‌  നിർമിച്ച മലാപ്പറമ്പിലെ  ചെറിയ കെട്ടിടത്തിൽ അസൗകര്യങ്ങളോടെ പ്രവർത്തിച്ച റീജ്യണൽ  ഫാമിലി വെൽഫെയർ സ്‌റ്റോറാണ്‌ പുത്തൻ ഇരുനില കെട്ടിടത്തിലേക്ക്‌ മാറുന്നത്‌. ദിവസങ്ങൾക്ക്‌ മുമ്പ്‌ മന്ത്രി വീണാ ജോർജ്‌ കേന്ദ്രം ഉദ്‌ഘാടനംചെയ്‌തിരുന്നു. 

പഴയ കെട്ടിടത്തിൽ 16 ക്യൂബിക്‌ മീറ്റർ വ്യാപ്‌തമുള്ള വാക്‌ ഇൻ കൂളറും ചെറിയ ഫ്രീസറും 300 ലിറ്റർ ശേഷിയുള്ള ഐഎൽആറുമാണുണ്ടായിരുന്നത്‌. തൊട്ടടുത്തുണ്ടാക്കിയ   കെട്ടിടത്തിൽ പുതുതായി 32 ക്യൂബിക്‌ മീറ്റർ കൂളറാണ്‌ എത്തിച്ചത്‌.പുറമെ  20 ക്യൂബിക്‌ മീറ്ററുള്ള ഫ്രീസറും ഉടൻ ലഭ്യമാക്കും.

ഇതോടെ ഇരട്ടിയിലധികം വാക്‌സിൻ ശേഖരിക്കാനാവും. വാക്‌സിൻ നാടിന്റെ മുക്കിലും മൂലയിലും എത്തിക്കേണ്ടതിനാൽ  ദ്രുതഗതിയിലാണ്‌ ആരോഗ്യ വകുപ്പ്‌  നടപടി കൈക്കൊണ്ടത്‌.  2018-19 ൽ അനുവദിച്ച  3.6 കോടി രൂപ  ഉപയോഗിച്ചായിരുന്നു നിർമാണം.

പഴയ കെട്ടിടത്തിനോട്‌ ചേർന്ന്‌ മൂന്ന്‌ വർഷം മുമ്പ്‌ മറ്റൊരു കെട്ടിടംകൂടി നിർമിച്ചുവെങ്കിലും അസൗകര്യം പരിഹരിക്കപ്പെട്ടിരുന്നില്ല. സമീപത്തെ ക്വാർട്ടേഴ്‌സുകളിലടക്കം ഉപകരണങ്ങളും മരുന്നുകളും സൂക്ഷിക്കേണ്ട സ്ഥിതിയായിരുന്നു. പുതിയ കെട്ടിടത്തിൽ വാക്‌സിൻ അൺപാക്കിങ്‌ ഏരിയ, ഡ്രൈ സ്‌റ്റോറേജ്‌ ഏരിയ, എക്യുപ്‌മെന്റ്‌ വർക്ക്‌ഷോപ്പ്‌ തുടങ്ങി ഓരോന്നിനും പ്രത്യേകം മുറികളുണ്ട്‌.