Sat. Jan 18th, 2025
ഗൂഡല്ലൂർ:

നരഭോജി കടുവയ്ക്കുവേണ്ടി ഇന്നലെ നടത്തിയ തിരച്ചിലിൽ വൈകിട്ടോടെ  മസിനഗുഡിക്കടുത്ത് സിങ്കാര റോഡിലെ വനത്തിൽ കടുവയെ കണ്ടെത്തിയെങ്കിലും പിടികൂടാനായില്ല. കനത്ത മഴയെ തുടർന്ന് മയക്കു വെടി സംഘത്തിന് വനത്തിൽ പ്രവേശിക്കാനാകാത്തതാണ് കാരണം. രാവിലെ മുതൽ നേരത്തെ കടുവയെ കണ്ടെത്തിയ മസിനഗുഡി ചെക്ക് പോസ്റ്റിന് സമീപത്തായി തിരച്ചിൽ നടത്തുകയായിരുന്നു.

ഉച്ചയ്ക്കു ശേഷം സത്യമംഗലത്ത് നിന്നുള്ള ഡോഗ് സ്ക്വാഡിലെ ജാക്കിയാണ് കടുവയുടെ സാന്നിധ്യം അറിയിച്ചത്. തുടർന്നുള്ള തിരച്ചിലിൽ വൈകിട്ടോടെ കടുവയെ സംഘം കണ്ടെത്തി. തുടർന്ന് ഈ ഭാഗത്ത് ക്യാമറകൾ സ്ഥാപിച്ചു.

മസിനഗുഡി, ഗൂഡല്ലൂർ ഭാഗത്തായി 4 പേരെയാണ് കടുവ കൊന്നത്. 11 ദിവസമായി നടത്തിയ ദൗത്യം ഇന്നലെയും പരാജയപ്പെട്ടു. 9 ദിവസമായി കടുവയുടെ പുറകെ ഉണ്ടായിരുന്നു വയനാട് വന്യജീവി സങ്കേതത്തിൽ നിന്നുള്ള ദ്രുത കർമസേന ഇന്നലെ വിശ്രമത്തിലായിരുന്നു.

വനം വകുപ്പിന്റെ നേതൃത്വത്തിൽ 200 ജീവനക്കാർ വിശ്രമമില്ലാതെ കടുവയെ പിടികൂടാനുള്ള ദൗത്യത്തിലാണ്. ഇതിനു പുറമെ നക്സൽ വിരുദ്ധ സേന, സ്ട്രൈക്കിങ് ഫോഴ്സ്, പൊലീസ്, എൻജിഒ പ്രവർത്തകരും പ്രവർത്തിക്കുന്നുണ്ട്. ഡ്രോൺ ഉപയോഗിച്ചുള്ള തിരച്ചിലിനായി 3 ടീം പ്രവർത്തിക്കുന്നുണ്ട്.

തമിഴ്നാട് ചീഫ് വൈൽഡ് ലൈഫ് വാർഡൻ ശേഖർ കുമാർ നീരജ് കടുവയെ തിരയുന്ന സംഘത്തിന് നേതൃത്വം നൽകി വൈകുന്നേരം വരെ തിരച്ചിൽ നടത്തി. തെപ്പകാട് നിന്നുള്ള താപ്പാനകളായ കൃഷ്ണനും ഉദയനും ‍ തിരച്ചിൽ സംഘത്തിനൊപ്പമുണ്ട്.കടുവയെ പിടികൂടുന്നതു വരെ കടുവയെ കണ്ടെത്തിയ പ്രദേശങ്ങളിൽ ജനങ്ങൾ പുറത്തിറങ്ങരുതെന്നു വനം വകുപ്പ് നിർദേശം നൽകിയിട്ടുണ്ട്.

തെപ്പക്കാട് നിന്നും മസിനഗുഡി വഴി ഇരു ചക്ര വാഹനങ്ങളിലുള്ള യാത്രയും സുരക്ഷിതമല്ല. കടുവയെ വെടിവച്ചു കൊല്ലാൻ അനുമതിയില്ലാത്തതിനാൽ ജീവനോടെ പിടികൂടുകയാണ് ലക്ഷ്യം. നേരത്തെ നെല്ലാക്കോട്ട ബിതർക്കാട് ഭാഗത്ത് നരഭോജിയായി മാറിയ കടുവകളെ വെടിവച്ചു കൊന്നത് വിവാദമായതിനെ തുടർന്നാണ് പിടികൂടാനുള്ള ശ്രമം നടത്തുന്നത്.