Sun. Nov 17th, 2024
കുറ്റ്യാടി:

ശിരോവസ്ത്രം ധരിച്ച് സ്റ്റുഡന്‍സ് പൊലീസ് കേഡറ്റില്‍ പ്രവർത്തിക്കാന്‍ അനുമതി തേടി വിദ്യാർത്ഥിനി. കുറ്റ്യാടി ജി എച് എസ് എസിലെ വിദ്യാർത്ഥിനി റിസ നഹാനാണ് ഹൈക്കോടതി നിർദേശ പ്രകാരം മുഖ്യമന്ത്രിക്കും ആഭ്യന്തരസെക്രട്ടറിക്കും അപേക്ഷ നല്‍കി കാത്തിരിക്കുന്നത്.എസ് പി സി യൂണിഫോമിനൊപ്പം ശിരോവസ്ത്രം ധരിച്ച ചിത്രം സ്കൂളിലെ സ്റ്റുഡന്‍റ്സ് പൊലീസ് കേഡറ്റ് വാട്ട്സ് ആപ്പ് ഗ്രൂപ്പില്‍ ഇട്ടതോടെയാണ് പ്രശ്നങ്ങളുടെ തുടക്കം.

യൂണിഫോം മാത്രമേ ധരിക്കാന്‍ പറ്റുകയുള്ളൂ എന്ന് സ്കൂള്‍ അധികൃതര്‍ വ്യക്തമാക്കി. പിന്നെ എസ് പി സി പരിപാടികളില്‍ പങ്കെടുക്കാന്‍ കഴിയാതെയായി റിസക്ക്.മാതാവ് മുഖേന റിസ ഹൈക്കോടതിയെ സമീപിച്ചു.

യൂനിഫോമില്‍ ഇടപെടാനാവില്ലെന്ന് പറഞ്ഞ ഹൈക്കോടതി സർക്കാരിനെ സമീപിക്കാന്‍ നിർദേശം നല്‍കി. ഇതിന്‍റെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രിക്കും ആഭ്യന്തര സെക്രട്ടറിക്കും റിസ അപേക്ഷ നല്‍കിയിട്ടുണ്ട്. ഭരണഘടനയുടെ 25(1) അനുഛേദ പ്രകാരം ഈ ശിരോവസ്ത്രം ധരിക്കണമെന്ന ആവശ്യം അംഗീകരിക്കാവുന്നതാണെന്നാണ് നിയമവിദഗ്ധർ പറയുന്നത്.

അതേ സമയം ശിരോവസ്ത്രം ധരിക്കണമെന്നാവശ്യപ്പെട്ട് കോടതിയെയും മറ്റും സമീപിച്ചതിനെ സ്കൂളിലെ അധ്യാപകർ വിമർശിച്ചതും റിസയുടെ കുടുംബത്തിന് സമ്മർദ്ദമുണ്ടാക്കിയിട്ടുണ്ട്.നിലവില്‍ സംസ്ഥാനത്ത് പല സ്കൂളുകളിലും ശിരോവസ്ത്രം ധരിച്ചു തന്നെ എസ് പി സി യൂനിഫോം ധരിക്കാന്‍ അനുവാദം നല്കാറുണ്ട്. ശിരോവസ്ത്രം വിലക്കുന്നത് നിരവധി വിദ്യാർത്ഥികൾക്ക് എസ് പി സിയില്‍ പ്രവർത്തിക്കാനുള്ള അവസരം നഷ്ടപ്പെടുത്തുമെന്നത് തിരിച്ചറിഞ്ഞ് സർക്കാർ അനുകൂല നിലപാട് സ്വീകരിക്കുമെന്ന പ്രതീക്ഷയിലാണ് റിസക്കൊപ്പം ആയിരക്കണക്കിന് വിദ്യാർത്ഥികളും.