Wed. Jan 22nd, 2025
കാഞ്ഞങ്ങാട്:

ജില്ലയിൽ ഏറ്റവും കൂടുതൽ കൊവിഡ് ബാധിതരെ ചികിത്സിച്ചു ഭേദമാക്കിയ ഗുരുവനം ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്റർ അടച്ചു. ഗുരുവനത്തെ കേന്ദ്രീയ വിദ്യാലയത്തിന്റെ പുതിയ കെട്ടിടത്തിൽ 2020 സെപ്റ്റംബർ 9ന് ആരംഭിച്ച ചികിത്സാ കേന്ദ്രമാണു സ്കൂൾ തുറക്കുന്നതിന് മുന്നോടിയായി അടച്ചത്. അവസാന ദിവസങ്ങളിൽ 7 പേരാണു ചികിത്സയിൽ ഉണ്ടായിരുന്നത്.

ഇതിൽ 5 പേരെ ഡിസ്ചാർജ് ചെയ്തു. 2 പേരെ ടാറ്റാ ആശുപത്രിയിലേക്ക് മാറ്റി.  ഇനി ജില്ലയിൽ ചട്ടംഞ്ചാൽ ടാറ്റാ ആശുപത്രിയിൽ മാത്രമാണു കൊവിഡ് ചികിത്സയ്ക്കു സൗകര്യം ഉണ്ടാകുക. ഇവിടെ നിലയിൽ 200 പേരെ ചികിത്സിക്കാനുള്ള സൗകര്യമാണുള്ളത്.

ഇത് അധികം വൈകാതെ 500 പേര്‍ക്കുള്ളതായി ഉയർത്തും. ജില്ലയിൽ ഏറ്റവും കൂടുതൽ കൊവിഡ് ബാധിതരെ ചികിത്സിച്ച കേന്ദ്രമാണു ഗുരുവനത്തേത്. ഇതുവരെയായി 6201 പേരെയാണ് ഇവിടെ ചികിത്സിച്ചത്.

ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററിനൊപ്പം സെക്കൻഡ് ലൈൻ ട്രീറ്റ്മെന്റ് സെന്ററായും ഇതു പ്രവർത്തിച്ചു. ഗുരുതരമായവരെ പോലും ഇവിടെ നിന്നു ചികിത്സിച്ചു ഭേദമാക്കി. ഇതിനായി 10 ഓക്സിജൻ ബെഡുകളും ഇവിടെ ഒരുക്കിയിരുന്നു.

24 മണിക്കൂർ ലഭ്യമാകുന്ന ആംബുലൻസ് സേവനവും ഇവിടെ ഉണ്ടായിരുന്നു. ജില്ലയിൽ കൊവിഡ് ബാധിതരുടെ എണ്ണം കൂടിയതോടെയാണു ഗുരുവനത്തെ കേന്ദ്രീയ വിദ്യാലയത്തിന്റെ പുതിയ കെട്ടിടം ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററാക്കി മാറ്റിയത്.

ജില്ലയില്‍ കൊവിഡ് കേസുകളുടെ എണ്ണം കുറഞ്ഞതോടെ കാസര്‍കോട് മെഡിക്കല്‍ കോളേജ് നവീകരണത്തിനായി താല്‍ക്കാലികമായി അടച്ചിരുന്നു. ഇതിന് പിന്നാലെയാണു ഗുരുവനത്തെ ട്രീറ്റ്മെന്റ് സെന്ററും അടയ്ക്കുന്നത്. ജൂൺ 1 മുതൽ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയുടെ പഴയ കെട്ടിടത്തിൽ പ്രവർത്തിച്ച കേന്ദ്രീയ വിദ്യാലയം പുതിയ കെട്ടിടത്തിലേക്ക് മാറ്റും.

ഇതിനുള്ള ഒരുക്കങ്ങൾ അധികൃതർ ആരംഭിച്ചു. ഒട്ടേറെ പേരെ ജീവിതത്തിലേക്ക് കൈപിടിച്ച് കയറ്റിയ വിദ്യാലയം ഇനി കുട്ടികളുടെ കളിചിരികൾ കൊണ്ട് മുഖരിതമാകും.