കാസർകോട്:
ജില്ലയിലെ കൊവിഡ് മരണം നിർണയിക്കാനും പരാതികൾ പരിശോധിക്കാനുമായി സർക്കാർ മാർഗനിർദേശ പ്രകാരം ജില്ലതല സമിതി രൂപവത്കരിച്ചു. ഇതുസംബന്ധിച്ച് ജില്ല ദുരന്ത നിവാരണ സമിതി ചെയർപേഴ്‌സനായ ജില്ല കലക്ടർ ഭണ്ഡാരി സ്വാഗത് രൺവീർ ചന്ദ് ഉത്തരവിറക്കി. കൊവിഡ് മരണം സംബന്ധിച്ച ഔദ്യോഗിക രേഖകൾ നൽകാനുള്ള ചുമതല ഈ സമിതിക്കായിരിക്കും.
എഡിഎം എകെ രമേന്ദ്രൻ ചെയർമാനായ സമിതിയുടെ കൺവീനർ ഡിഎംഒ (ഹെൽത്ത്) ഇൻ ചാർജ് ഡോ ഇ മോഹനനാണ്. ജില്ല സർവെയ്ലൻസ് ഓഫിസർ ഡോഎടി മനോജ്, കാസർകോട് ഗവ മെഡിക്കൽ കോളജ് മോഡേൺ മെഡിസിൻ വകുപ്പ് മേധാവി ഡോ ആദർശ്, ജൂനിയർ അഡ്മിനിസ്‌ട്രേറ്റിവ് മെഡിക്കൽ ഓഫിസറും പൊതുജനാരോഗ്യ വിദഗ്ധനുമായ ഡോ നിർമൽ എന്നിവർ അംഗങ്ങളാണ്. കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിൻറെ മാർഗനിർദേശങ്ങൾ പ്രകാരമായിരിക്കും കമ്മിറ്റിയുടെ പ്രവർത്തനമെന്ന് സംസ്ഥാന ആരോഗ്യ വകുപ്പിൻറെ ഉത്തരവിൽ വ്യക്തമാക്കുന്നു.
കൊവിഡ് മരണം സംബന്ധിച്ച രേഖക്കായുള്ള അപേക്ഷ, അപ്പീൽ, പരാതി ഈ സമിതിക്കാണ് സമർപ്പിക്കേണ്ടത്. ഇതിനുള്ള ലിങ്ക്: https://covid19.kerala.gov.in/deathinfo/.മരിച്ച വ്യക്തിയുടെ അടുത്ത ബന്ധുക്കൾക്ക് ഈ ലിങ്കിൽ കയറി മരിച്ചയാളുടെ പേര് സർക്കാർ ഔദ്യോഗികമായി പ്രഖ്യാപിച്ച കോവിഡ് മരണത്തിൻറെ കണക്കിൽ ഉണ്ടോ എന്ന് പരിശോധിക്കാം. ഉണ്ടെങ്കിൽ മരിച്ചയാളുടെ കുടുംബത്തിന് നൽകുന്ന നഷ്ടപരിഹാരത്തിനുള്ള അപേക്ഷ ജില്ല കലക്ടർക്ക് നൽകാം.
ഡിസാസ്റ്റർ മാനേജ്‌മെൻറ് വകുപ്പിൻറെ മാർഗനിർദേശ പ്രകാരം അപേക്ഷ നൽകണം. നിലവിൽ ലഭിച്ച ഡെത്ത് ഡിക്ലറേഷൻ സ്‌റ്റേറ്റ്‌മെൻറിനുപുറമെ ഒരു രേഖകൂടി ആവശ്യം ഉണ്ടെങ്കിൽ ബന്ധുക്കൾക്ക് ഈ ലിങ്കിൽ ഇഷ്യൂ ഓഫ് സർട്ടിഫിക്കറ്റ് ഇൻ ദി ന്യൂ ഫോർമാറ്റ് എന്ന ലിങ്കിൽ കയറി അപേക്ഷിക്കാം.മരിച്ചയാളുടെ പേര് പട്ടികയിൽ ഇല്ലെങ്കിലോ പേരിൽ തിരുത്തുണ്ടെങ്കിലോ വെബ്‌സൈറ്റിലെ അപ്പീൽ ഒപ്ഷനിൽ ക്ലിക്ക് ചെയ്ത് അപ്പീൽ നൽകാം. ഇതിെൻറ കാരണം വ്യക്തമാക്കണം.