കോഴിക്കോട്:
വൈദ്യുതിക്കാലുകളിൽ വാഹനങ്ങൾക്ക് ചാർജിങ് സ്റ്റേഷനുകളൊരുക്കി കെഎസ്ഇബി. കോഴിക്കോട് ബീച്ച്, മേയർഭവൻ, വെള്ളയിൽ ഹാർബർ, അശോകപുരത്തിനടുത്ത് മുത്തപ്പൻകാവ്, ചെറൂട്ടി നഗർ, സരോവരം ബയോ പാർക്ക്, ശാസ്ത്രി നഗർ, എരഞ്ഞിപ്പാലം, മൂന്നാലിങ്ങൽ, മാനാഞ്ചിറ സെയിൽസ് ടാക്സ് ഓഫിസ് പരിസരം എന്നിവിടങ്ങളിലാണ് സ്റ്റേഷനുകൾ വരുന്നത്. വൈദ്യുത സ്കൂട്ടറുകൾക്കും ഓട്ടോകൾക്കും ഇവിടെ ചാർജ് ചെയ്യാം.
സരോവരം ബയോപാർക്കിനോട് ചേർന്ന് ബൈപാസിലെ ഓട്ടോ സ്റ്റാൻഡിൽ സ്റ്റേഷൻ പൂർണ സജ്ജമായി. ട്രയൽ റൺ കഴിഞ്ഞ ദിവസം വിജയകരമായി നടന്നു. സംസ്ഥാനത്ത് കെഎസ്ഇബി പദ്ധതിയുടെ ആദ്യ സ്റ്റേഷനാണിത്.
സംസ്ഥാനത്ത് കൂടുതൽ ഇ-ഓട്ടോകൾ നടക്കാവ് സെക്ഷനിൽ ആയതിനാലാണ് പദ്ധതി ആദ്യം ഇവിടെ നടപ്പാക്കിയത്. ഒക്ടോബർ ഒമ്പതിന് ബീച്ചിൽ വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടി പദ്ധതി ഉദ്ഘാടനം ചെയ്യും.ആപ് വഴി ക്യൂ ആർ കോഡ് സ്കാൻ ചെയ്ത് ചാർജിങ്ങിന് പണമടക്കാം.
നടക്കാവ് കെഎസ്ഇബി സെക്ഷന് കീഴിലാണ് പ്രവൃത്തികൾ. കാറുകൾക്കുള്ള ചാർജിങ് സ്റ്റേഷനുകളും നഗരത്തിലെ വിവിധ ഭാഗങ്ങളിൽ ഉടൻ ഒരുങ്ങും. യൂനിറ്റ് അടിസ്ഥാനത്തിലായിരിക്കും നിരക്ക് നിശ്ചയിക്കുക. 24 മണിക്കൂറും സേവനം ലഭ്യമാണ്.