Mon. Dec 23rd, 2024
കൽപ്പറ്റ:

പ്രളയാനന്തര വയനാടിന്റെ പരിസ്ഥിതിയെയും കൃഷിയെയും സമ്പദ്ഘടനയെയും പുനരുജ്ജീവിപ്പിക്കാനായി മുഖ്യമന്ത്രി പ്രഖ്യാപിച്ച വയനാട് പാക്കേജ് പൊളിച്ചെഴുതണമെന്ന് വയനാട് പ്രകൃതി സംരക്ഷണ സമിതി. തകർന്നു തരിപ്പണമായ തുരങ്ക പാതക്കും ടൂറിസത്തിനും റോഡുകൾക്കും ഭീമമായ തുക വകയിരുത്തിയും പൊതുപ്രവർത്തകർ, ജനപ്രതിനിധികൾ, വിദഗ്ദർ തുടങ്ങിയവരെ അകറ്റി നിർത്തിയും ഉദ്യോഗസ്ഥരും റിട്ടയർ ചെയ്ത വികസന മാനേജർമാരും ചേർന്ന് അട്ടിമറിക്കുകയാണെന്നും ഡ്രാഫ്റ്റ്‌ പ്രാജക്ടുകൾ വയനാടിന് നാശം മാത്രമെ വരുത്തിവയ്ക്കൂ എന്നും സമിതി കുറ്റപ്പെടുത്തി.

കാർഷികാത്മഹത്യകളെ തുടർന്ന് മുൻപു നടപ്പാക്കിയ വയനാട് പാക്കേജ് കർഷകർക്ക് നേരിട്ട് പണം കൈമാറാതെ പ്രതിവർഷം 20 കോടിയിലധികം രൂപക്ക് പഴകിയതും നിലവാരമില്ലത്തതും ഉപയോഗ ശൂന്യവുമായ ജൈവ-രാസ വളങ്ങളും സ്യൂഡമോണസും നടീൽ വസ്തുക്കളും വാങ്ങി കർഷകരെ കെട്ടിയേൽപ്പിച്ച് കോടികളുടെ അഴിമതി നടത്തിയതിന്റെ തനിയാവർത്തനമാണ് വയനാട് പാക്കേജിലെ കാർഷിക വികസനത്തിലും നടക്കാൻ പോകുന്നത് .
ജില്ലയിലെ ആദിമവാസികളിൽ 3000 കുടുംബങ്ങൾ ഭൂരഹിതരും ഭവനരഹിതരുമാണ്. സ്വാതന്ത്ര്യത്തിനുശേഷം നിയമവിരുദ്ധമായി വൻ കമ്പനികൾ കൈയടക്കി വച്ചിരിക്കുന്ന രണ്ടു ലക്ഷത്തിലധികം ഏക്കർ ഭൂമി വയനാട്ടിലുണ്ടെങ്കിലും പാക്കേജിൽ ഭവന-ഭൂരഹിതരെക്കുറിച്ച് മിണ്ടാട്ടമില്ല.

ആദിവാസികളെ ഫ്ലാറ്റുണ്ടാക്കി അവിടേക്ക് തള്ളുകയല്ല , അവർക്ക് അന്തസ്സായി ജീവിക്കാൻ ഭൂമിയും വീടും നൽകുകയാണ് വേണ്ടത്. സുസ്ഥിരവും സമ്പന്നവുമായ വയനാടിനെ പുനർനിർമ്മിക്കാൻ ഉതകും വിധം പാക്കേജ് പുന:സംവിധാനം ചെയ്യണമെന്ന് വയനാട് പ്രകൃതി സംരക്ഷണ സമിതി മുഖ്യമന്ത്രി, പ്ലാനിംഗ് ബോർഡ് എന്നിവർക്ക് അയച്ച നിവേദനത്തിൽ ആവശ്യപ്പെട്ടു.