Mon. Dec 23rd, 2024
ആലക്കോട്:

വെെതൽമലയെയും – പാലക്കയംതട്ടിനെയും – കാഞ്ഞിരക്കൊല്ലിയെയും ബന്ധിപ്പിച്ചുള്ള നിർദിഷ്ട ടൂറിസം സർക്യൂട്ട് പദ്ധതിയുടെ രൂപരേഖ രണ്ടാഴ്ചക്കകം സംസ്ഥാന സർക്കാരിന് സമർപ്പിക്കും. മലബാറിലെ വിനോദസഞ്ചാര മേഖലയിൽ വൻ മുന്നേറ്റം സൃഷ്ടിക്കാനുതകുന്ന പദ്ധതിയാണിത്‌. രാജ്യാസഭാംഗം ജോൺ ബ്രിട്ടാസിന്റെ അഭ്യർഥനയെ തുടർന്ന് ടൂറിസം, വനം മന്ത്രിമാരുടെ നേതൃത്വത്തിൽ നടന്ന യോഗ തീരുമാനപ്രകാരമാണ്‌ ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും സന്ദർശനം.

സർക്യൂട്ടിലെ പ്രധാന കേന്ദ്രങ്ങളായ  പൈതൽമല, കാഞ്ഞിരക്കൊല്ലി, അളകാപുരി വെള്ളച്ചാട്ടം, പാലക്കയം തട്ട് എന്നിവിടങ്ങൾ  സംഘം സന്ദർശിച്ചു. ജോൺ ബ്രിട്ടാസ് എംപി, സജീവ് ജോസഫ് എംഎൽഎ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ പി പി ദിവ്യ, പഞ്ചായത്ത് പ്രസിഡന്റുമാർ തുടങ്ങിയവർ ഉദ്യോഗസ്ഥർക്കൊപ്പമുണ്ടായിരുന്നു.

ഉത്തരമേഖല ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ ഡി കെ വിനോദ് കുമാർ, ഇക്കോ ടൂറിസം ഡയറക്ടർ ആർ എസ് അരുൺ, ഡെപ്യൂട്ടി കലക്ടർ ജെ അനിൽ ജോസ്, ടൂറിസം ഡെപ്യൂട്ടി ഡയറക്ടർ ടി വി പ്രശാന്ത് എന്നിവരുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥസംഘം  സാധ്യതകൾ വിലയിരുത്തി.
നടുവിൽ പഞ്ചായത്ത് ഹാളിൽ അവലോകനയോഗവും ചേർന്നു. മലബാറിന്റെ ടൂറിസം രംഗത്ത് വൻ കുതിപ്പിന് വഴിയൊരുക്കാൻ നിർദിഷ്ട  പദ്ധതിസഹായകരമാകുമെന്ന്  എംപി പറഞ്ഞു.

ജനപ്രതിനിധികൾ ഒറ്റക്കെട്ടോടെ നിലകൊള്ളുമെന്ന്‌ സജീവ്‌ ജോസഫ് എംഎൽഎ പറഞ്ഞു. നടുവിൽ  പഞ്ചായത്ത് പ്രസിഡന്റ്‌ ബേബി ഓടമ്പള്ളിൽ സ്വാഗതം പറഞ്ഞു. യോഗത്തിലെ നിർദേശങ്ങൾ പരിഗണിച്ച് പദ്ധതിരേഖ രണ്ടാഴ്‌ചക്കകം  തയ്യാറാക്കുമെന്ന് ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ വിനോദ് കുമാർ പറഞ്ഞു.

വെെതൽമല,പാലക്കയം തട്ട്,കാഞ്ഞിരക്കൊല്ലി  ടൂറിസം വികസനപദ്ധതിക്ക്‌   അഞ്ച് പതിറ്റാണ്ട് പഴക്കമുണ്ടെങ്കിലും ലക്ഷ്യം കൈവരിക്കാനായിട്ടില്ല. കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളം യാഥാർഥ്യമായതോടെ ടൂറിസം വികസനത്തിന്‌ അനന്ത സാധ്യതകളുണ്ട്. ട്രക്കിങ് പാത്ത് വേ, ശുചിമുറി, പാർക്കിങ് ഏരിയ, ഇക്കോ ഷോപ്പ്‌, വാച്ച് ടവർ, സുരക്ഷാ വേലി, സുരക്ഷാ ഉദ്യോഗസ്ഥരുടെ സേവനം, ശുദ്ധജല ലഭ്യത, റോപ്പ് വേ, കുറിഞ്ഞികൾ ഉൾപ്പടെയുള്ള ജൈവസമ്പത്തുക്കളുടെ സൂചകങ്ങൾ, നടപ്പാതകൾ, ടൂറിസ്റ്റ് കേന്ദ്രങ്ങളിലേക്ക് മികച്ച റോഡുകൾ തുടങ്ങിയവ വികസന നിർദേശങ്ങളിൽ ഉയർന്നു.  പദ്ധതി രേഖ മന്ത്രിമാരും ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ചേർന്ന് വീണ്ടും വിലയിരുത്തും.