Wed. Nov 6th, 2024
കൊല്ലം:

അഷ്ടമുടിക്കായൽ പുനരുജ്ജീവന പദ്ധതിയുടെ ഭാഗമായ ശുചീകരണ യജ്ഞത്തിനു ​ഗാന്ധിജയന്തി ദിനത്തിൽ ജനകീയ തുടക്കം. 15 ടണ്ണിലേറെ മാലിന്യമാണ് നീക്കിയത്. ലിങ്ക് റോഡ് പരിസരം, ആശ്രാമം പരിസരം, അഡ്വൈഞ്ചർ പാർക്ക് തുടങ്ങി കോർപറേഷൻ പരിധിയിലെ 16 കായൽത്തീരങ്ങളിലാണ് ശുചീകരണ പ്രവർത്തനങ്ങൾ തുടങ്ങിയത്.

വള്ളങ്ങളിൽ മീൻപിടിത്ത–കക്കാവാരൽ തൊഴിലാളികൾ കായലിന്റെ അടിത്തട്ടിലടിഞ്ഞികൂടിയ പ്ലാസ്റ്റിക് ശേഖരിച്ചു. പ്ലാസ്റ്റിക് മാലിന്യങ്ങൾ ക്ലീൻ കേരള കമ്പനിക്ക് കൈമാറാനായി മാറ്റി. കണ്ടൽക്കാടുകൾക്കിടയിൽ ചത്ത കോഴികളെ കൂട്ടത്തോടെ നിക്ഷേപിച്ചതടക്കം കണ്ടെത്തി.

ശുചീകരണ യജ്ഞം ഉദ്ഘാടനംചെയ്ത ധനമന്ത്രി കെ എൻ ബാല​ഗോപാലും കായൽ ശുചീകരണ പ്രവർത്തനങ്ങളിൽ പങ്കാളിയായി. മന്ത്രിയോടൊപ്പം കെ സോമപ്രസാദ് എംപി, എം നൗഷാദ് എംഎൽഎ, മേയർ പ്രസന്ന ഏണസ്റ്റ്, ഡെപ്യൂട്ടി മേയർ കൊല്ലം മധു, സബ് കലക്ടർ ചേതൻകുമാർ മീണ എന്നിവരും ഉണ്ടായിരുന്നു. തൊഴിലുറപ്പു തൊഴിലാളികൾ, ശുചീകരണത്തൊഴിലാളികൾ, ഹരിതകർമസേന അംഗങ്ങൾ, വിവിധ വകുപ്പ് ജീവനക്കാർ, യുവജന-വിദ്യാർഥി സംഘടനകൾ, സാമൂഹിക സന്നദ്ധ പ്രവർത്തകർ തുടങ്ങിയവരും ശുചീകരണത്തിനിറങ്ങി.