Wed. Jan 22nd, 2025
പന്തളം:

ശാസ്ത്ര, ഭൂമി ശാസ്ത്ര വിഷയങ്ങളുടെ പ്രായോഗിക പഠനത്തിന് ഉപകരണങ്ങൾ നിർമിച്ചു നൽകി ലേണിങ് ടീച്ചേഴ്സ് കേരള അധ്യാപക കൂട്ടായ്മ. ജില്ലയിലെ 10 ഉപജില്ലകളിൽ നിന്നു തിരഞ്ഞെടുക്കപ്പെട്ട ഓരോ സ്കൂളിന് ഇവ കൈമാറി. സ്കൂളുകളിൽ ഇവ ഉപയോഗിച്ചു ശാസ്ത്ര പാർക്കുകൾ സജ്ജമാക്കുകയാണ് ലക്ഷ്യം. 5 മുതൽ 10 വരെ ക്ലാസുകളിലെ വിദ്യാർഥികൾക്ക് ശാസ്ത്ര, ഭൂവിജ്ഞാന പഠനത്തിൽ പ്രായോഗിക പരിശീലനം നൽകുന്നതാണ് ദൗത്യം.

250ഓളം അധ്യാപകർ അംഗങ്ങളായുള്ള കൂട്ടായ്മയുടെ നേതൃത്വത്തിൽ സംസ്ഥാനമാകെ നടത്തുന്ന പൈലറ്റ് പദ്ധതിയുടെ ഭാഗമായാണിത്. തോട്ടക്കോണം ഗവ ഹയർ സെക്കൻഡറി സ്കൂളിൽവച്ച് ഉപകരണങ്ങളുടെ വിതരണം നടത്തി. 64 ഉപകരണങ്ങളാണ് അധ്യാപകർ തയാറാക്കിയത്. ഇതിന്റെ രൂപരേഖയും നിർമാണവും കൂട്ടായ്മയിലെ അംഗങ്ങൾ തന്നെയാണ്.

ഉപയോഗ ശൂന്യമായ വസ്തുക്കൾ ഫലപ്രദമായി ഉപയോഗിച്ചതിലൂടെ 50 ശതമാനത്തോളം ചെലവ് കുറച്ചു പാർക്ക് സജ്ജമാക്കാനായി എന്നതാണ് പ്രത്യേകത. ഒരു സ്കൂളിനു 25,000 രൂപയാണ് പാർക്ക് ക്രമീകരിക്കുന്നതിലേക്ക് അനുവദിച്ചിരുന്നത്.

കൺവീനർ കെ പി മനോജ്, ജോയിന്റ് കൺവീനർ വാസുദേവൻ വിളയിൽ, ഇ വി ടോണി എന്നിവരാണ് നിർമാണത്തിനും വിതരണത്തിനും നേതൃത്വം നൽകിയത്. കൂട്ടായ്മയുടെ നേതൃത്വത്തിൽ ലോക്ഡൗൺ കാലയളവിൽ 8000 അധ്യാപകർക്ക് സോഫ്റ്റ്‌വെയറിൽ ഉൾപ്പെടെ പരിശീലനം നൽകി.

തോട്ടക്കോണം ഗവ ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ ഡോ എസ് മായ, പ്രധാനാധ്യാപകൻ കെ സുരേന്ദ്രൻ പിള്ള, അധ്യാപിക ആർ കാഞ്ചന, ബ്ലോക്ക് പ്രോജക്ട് കോഓർഡിനേറ്റർ ഇൻചാർജ് എസ്ആർ ഷെമി എന്നിവർ പങ്കെടുത്തു.