Mon. Dec 23rd, 2024
മല്ലപ്പള്ളി:

നാമമാത്രമായ വൺവേ സംവിധാനമുള്ള ടൗണിൽ വാഹനങ്ങൾ തലങ്ങും വിലങ്ങും പായുന്നതു യാത്ര അപകടകരമാക്കുന്നു. ഗതാഗതനിയന്ത്രണത്തിന് അധികാരികളില്ലാത്തതാണ് പ്രശ്നമാകുന്നത്. വർഷങ്ങൾക്കു മുൻപുവരെ ഒരു ഹോംഗാർഡിന്റെ സേവനം ചിലയിടങ്ങളിൽ ലഭിച്ചിരുന്നു.

എന്നാൽ, ഇപ്പോഴില്ലാത്ത സ്ഥിതിയാണ്. പകരം പൊലീസിനെയും നിയോഗിച്ചിട്ടില്ല.കോട്ടയം–കോഴഞ്ചേരി സംസ്ഥാനപാതയിലെ സെൻട്രൽ ജംക്‌ഷനിൽനിന്നു വാഹനങ്ങൾ നേരെ തിരുവല്ല റോഡിലേക്കു പ്രവേശിക്കുന്നത് പതിവുകാഴ്ചയാണ്.

ഇവിടം വൺവേയാണെങ്കിലും സ്ഥലപരിചയമില്ലാത്തവരാണ് ഇത്തരത്തിൽ എത്തുന്നവർ ഏറെയും. വൺവേ സംവിധാനം രേഖപ്പെടുത്തിയിരുന്ന ബോർഡുകൾ ഡ്രൈവർമാർക്ക് ശരിയാംവിധം കാണാൻ കഴിയാത്തതാണ് പ്രശ്നങ്ങൾക്കിടയാക്കുന്നത്. വൺവേ തെറ്റിച്ചു പോകുന്ന വാഹനങ്ങൾ അപകടത്തിൽപെടാതിരിക്കുന്നത് ഭാഗ്യം കൊണ്ടാണ്.

മല്ലപ്പള്ളിയിലെ വൺവേ സംവിധാനം 100 മീറ്റർ ദൂരത്തിൽ മാത്രമാണുള്ളത്. കോഴഞ്ചേരി ഭാഗത്തുനിന്നു വരുന്ന എല്ലാ വാഹനങ്ങളും തിരുവല്ല റോഡിൽക്കൂടി പ്രവേശിച്ച് സെൻട്രൽ ജംക്‌ഷനിൽ എത്തുന്നതും ആനിക്കാട് റോഡിൽനിന്നു കോഴഞ്ചേരി, തിരുവല്ല എന്നിവിടങ്ങളിലേക്കു പോകുന്നതിനായി സെൻട്രൽ ജംക്‌ഷനിലൂടെ തിരിയുന്നതുമാണ് മല്ലപ്പള്ളിയിലെ വൺവേ.

തിരുവല്ല ഭാഗത്തുനിന്നെത്തുന്ന ഭാരവാഹനങ്ങൾക്ക് സെൻട്രൽ ജംക്‌ഷനിലേക്ക് എത്തുന്നത് തീയറ്റർപ്പടിയിലൂടെ അങ്ങാടിപ്പറമ്പ് വഴി കോട്ടയം–കോഴഞ്ചേരി സംസ്ഥാന പാതയിലൂടെയാണ്. ചെറിയ വാഹനങ്ങൾ പഞ്ചായത്ത് ഓഫിസിനു മുന്നിൽക്കൂടി ടൗണിലേക്ക് എത്തുന്നതിന് തടസ്സവുമില്ല.