Mon. Dec 23rd, 2024

അരിമ്പൂർ:

മുളപൊട്ടും മുമ്പേ മോഹങ്ങളുടെ കണ്ണീർപ്പാടമായി മനക്കൊടി വാരിയം കടവ്‌ കോൾപ്പാടം. കനത്ത മഴയൊഴിഞ്ഞെങ്കിലും 120 ഏക്കറിലെ കൃഷി പൂർണമായും നശിച്ചു. വിത്തിട്ടതിന് പിന്നാലെ പെയ്‌ത തുടർമഴയിൽ വെള്ളം കെട്ടി നിന്ന് വിത്ത് ചീയുകയായിരുന്നു.

അഞ്ച് ദിവസം വെള്ളം കെട്ടി നിന്നതോടെ മുളവന്ന വിത്ത് ചീഞ്ഞതായി പടവ് അടിയ പ്രസിഡന്റ്‌ കുറുവത്ത് പുഷ്‌കരനും സെക്രട്ടറി എം കെ ചന്ദ്രനും പറഞ്ഞു. രണ്ടു ലക്ഷത്തിലധികം രൂപയുടെ നഷ്ടം സംഭവിച്ചിട്ടുണ്ട്‌. ഇരുപൂ കൃഷിക്ക്  ആഗസ്‌ത്‌ ആദ്യവാരം വെള്ളം വറ്റിച്ചിരുന്നു.

20 ദിവസം മുമ്പ്  പാടശേഖരത്തിലിറക്കിയ വിതയിൽ അമ്പത് ശതമാനം മുളയ്ക്കാത്തത് തിരിച്ചടിയായി. 50,000 രൂപയോളം നഷ്ടമായി. പത്ത് ദിവസത്തിനുശേഷം പുല്ല കോൾ കർഷക സൊസൈറ്റിയുമായി ബന്ധപ്പെട്ട് മൂവായിരം കിലോ വിത്ത് വാങ്ങിയാണ് രണ്ടാമത് ഞാറ്റടി തയ്യാറാക്കി കൃഷിയിറക്കിയത്.

വിത്തിറക്കി മൂന്നാം ദിവസം മഴ കർഷകരുടെ മുഴുവൻ സ്വപ്നങ്ങളേയും തകർത്തു. ഞാറ്റടിയിൽ നിന്നും 2000 കിലോ വിത്ത് മുളച്ചത് നശിച്ചതായി കർഷകർ പറയുന്നു. കർഷകർക്ക് ആവശ്യമായ എല്ലാ അടിയന്തര സഹായവും  സർക്കാർ അനുവദിക്കണമെന്ന് കേരള കർഷകസംഘം മണലൂർ പഞ്ചായത്ത് സെക്രട്ടറി കെ രാഗേഷും സിപിഐ എം മനക്കൊടി ബ്രാഞ്ച് സെകട്ടറി ടി വി വിദ്യാധരനും ആവശ്യപ്പെട്ടു.

പ്രകൃതിദുരന്തങ്ങൾക്കു പുറമെ എരണ്ടശല്യവും രൂക്ഷമാണെന്ന്‌ കർഷകനായ കുറുവത്ത് അശോകൻ പറയുന്നു. പടക്കം പൊട്ടിച്ചും കൊടികുത്തിയും പാട്ടകൊട്ടിയും  എരണ്ടകളെ ഓടിയ്ക്കാനുള്ള ശ്രമങ്ങളും പാഴാകുന്നു.