അടിമാലി:
ചീയപ്പാറ വെള്ളച്ചാട്ടത്തിന് സമീപം നോക്കുകുത്തിയായി പൊലീസ് എയ്ഡ്പോസ്റ്റ് അടച്ച് പൂട്ടിയിട്ട് അഞ്ചുവർഷം. വിനോദസഞ്ചാരികളുടെ സുരക്ഷയും ഇവിടത്തെ ഗതാഗത പ്രശ്നപരിഹാരവും മുന്‍നിര്‍ത്തി 15 വര്‍ഷം മുമ്പാണ് ചീയപ്പാറയില്‍ എയ്ഡ്പോസ്റ്റ് സ്ഥാപിച്ചത്. മൂന്നാര്‍ ഡിവൈ എസ് പിയായിരുന്ന വി എന്‍ സജിയാണ് ഇതിന് നേതൃത്വം നല്‍കിയത്.
തുടക്കത്തില്‍ ഒരേസമയം രണ്ട് പൊലീസുകാരുടെ സേവനമാണ് ഉണ്ടായിരുന്നത്. അടിമാലി പൊലീസ് സ്റ്റേഷൻ്റെ നിയന്ത്രണത്തിലായിരുന്നു എയ്ഡ്പോസ്റ്റിൻ്റെ പ്രവര്‍ത്തനം. പതിയെ പൊലീസുകാരുടെ എണ്ണം കുറക്കുകയും പിന്നീട് അടച്ചുപൂട്ടുകയുമായിരുന്നു.
ജില്ലയിലെ വെള്ളച്ചാട്ടങ്ങളില്‍ ഏറ്റവും കൂടുതല്‍ തിരക്കുള്ള വെള്ളച്ചാട്ടമാണ് ചീയപ്പാറയിലേത്. വിദേശസഞ്ചാരികളടക്കം ദിവസേന നൂറുകണക്കിനുപേര്‍ ഇവിടം സന്ദര്‍ശിക്കുന്നു. ഇവര്‍ വെള്ളച്ചാട്ടത്തിലേക്ക് ഇറങ്ങാതെ നോക്കാനും അത്യാഹിതം ഒഴിവാക്കാനുമാണ് പൊലീസിനെ നിയോഗിച്ചത്.
എന്നാല്‍, അടിമാലി സ്റ്റേഷന് പ്രവര്‍ത്തനത്തിന് പൊലും ജീവനക്കാരില്ലെന്ന ന്യായമാണ് എയ്ഡ് പോസ്റ്റ് അടച്ചിടാൻ കാരണമായി പറയുന്നത്. കഴിഞ്ഞദിവസം വാഹന പാര്‍ക്കിങ്ങുമായി ബന്ധപ്പെട്ട് വ്യാപാരികളും വാഹന ഉടമകളും തമ്മില്‍ കൈയാങ്കളി ഉണ്ടായി.
ഇത്തരത്തില്‍ നിരവധി സംഭവങ്ങള്‍ ഇവിടെ പതിവാണ്. എന്നാല്‍, പൊലീസിൻ്റെ സേവനമില്ലാതായതോടെ ആര്‍ക്കും എന്തുമാകാമെന്നാണ് അവസ്ഥ. ഇത് വിനോദസഞ്ചാരികളുടെ സുരക്ഷക്ക് വലിയ ഭീഷണിയുമാണ്.
എയ്ഡ്പോസ്റ്റിന് ചുറ്റും വില്പന വസ്തുക്കള്‍ നിരത്തിവെച്ച് വ്യാപാരം നടത്തുന്നവരുമുണ്ട്. വിഷയത്തില്‍ ജില്ല പൊലീസ് മേധാവിയുടെ അടിയന്തര ഇടപെടല്‍ വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.