ആലുവ∙
ജില്ലയിലെ ലക്ഷക്കണക്കിന് ആളുകളുടെ കുടിവെള്ള സ്രോതസ്സായ പെരിയാറിലേക്കു ദേശീയപാതയിൽ മാർത്താണ്ഡവർമ പാലത്തിൽ നിന്നു മാലിന്യം വലിച്ചെറിയുന്നു. പുഴയിൽ വീഴാതെ പോയവ തീരത്തെ കുറ്റിക്കാടുകളിൽ കിടക്കുകയാണ്. മഴ പെയ്യുമ്പോൾ ഇതും വെള്ളത്തിൽ കലരും.
പെരിയാർ സംരക്ഷണത്തിനു മുറവിളി ഉയർത്തുന്നവർ ഇതു തടയാൻ രംഗത്തില്ല. അധികൃതരും കണ്ടില്ലെന്നു നടിക്കുന്നു. മാർത്താണ്ഡവർമ പാലത്തിന്റെ ഇരുവശങ്ങളിലും മാലിന്യം കെട്ടിക്കിടക്കുകയാണ്. പകൽ ഇവിടെ മാലിന്യമെറിഞ്ഞാൽ ആളുകൾ കാണും.അതുകൊണ്ടു രാത്രിയിലാണു തള്ളുന്നത്.
പാലത്തിൽ വെളിച്ചമില്ല. സിസിടിവി ക്യാമറകളും.മാലിന്യവുമായി വാഹനങ്ങളിൽ എത്തുന്നവർക്ക് ഇതു വലിയ സൗകര്യമാണ്. പ്ലാസ്റ്റിക് മാലിന്യം, ഭക്ഷണാവശിഷ്ടങ്ങൾ, ഉപയോഗശൂന്യമായ വീട്ടുസാധനങ്ങൾ തുടങ്ങിയവയാണ് ചാക്കിലാക്കി തള്ളിയിരിക്കുന്നത്.
ഭക്ഷണാവശിഷ്ടങ്ങൾ തിന്നാൻ റോഡിലും പാലത്തിലെ നടപ്പാതയിലും തെരുവുനായ്ക്കൾ കൂട്ടംകൂടുന്നത് ഇരുചക്രവാഹന യാത്രികർക്കു ഭീഷണിയാണ്. ദുർഗന്ധം അസഹ്യമായതിനെ തുടർന്ന് 6 മാസം മുൻപു മാലിന്യ കൂമ്പാരത്തിന് ആരോ തീയിട്ടു. അഗ്നിരക്ഷാസേനയാണ് അണച്ചത്.