പാറശ്ശാല:
വൈദ്യുതിബന്ധം കട്ട് ചെയ്ത കെ എസ് ഇ ബി ജീവനക്കാരെ കെട്ടിടമുടമയും സമീപവാസികളും ചേര്‍ന്ന് തടഞ്ഞുവെച്ചു. ധനുവച്ചപുരം റേഡിയോ പാര്ക്കിന് സമീപം ജോര്‍ജിൻ്റെ വീട്ടിലെ വൈദ്യുതി ബന്ധമാണ് വിച്ഛേദിച്ചത്. വ്യാഴാഴ്ച ഉച്ചക്ക് രണ്ടിനായിരുന്നു സംഭവം.
കെട്ടിടമുടമയും ഹൃദ്രോഗിയുമായ ജോര്‍ജ് കെ എസ് ഇ ബിയുടെ വാഹനത്തിന് മുകളില്‍ കയറി മണിക്കൂറുകള്‍ പ്രതിഷേധിച്ചു. തുടർന്നെത്തിയ നാട്ടുകാരും വൈദ്യുതി ജീവനക്കാരുമായി നടന്ന ഉന്തിലും തള്ളലിലുമായി ഉദിയന്‍കുളങ്ങര വൈദ്യുതി ബോര്‍ഡ് സബ് എൻജിനീയര്‍ അനില്‍കുമാറിന് മര്‍ദനമേറ്റു. തുടര്‍ന്ന് സ്ഥലത്തെത്തിയ പാറശ്ശാല പൊലീസ് ലാത്തിവീശി പ്രതിഷേധക്കാരെ ഓടിക്കുകയും രണ്ടുപേരെ പിടികൂടുകയും ചെയ്തു.
അതേസമയം കൊല്ലയില്‍ പഞ്ചായത്തിന് കീഴിലുള്ള ധനുവച്ചപുരം, ഉദിയന്‍കുളങ്ങര അമരവിള റോഡില്‍ അനധികൃതമായി കെട്ടിടം നിർമിച്ചിരിക്കുന്നതിനാല്‍ കെട്ടിടത്തിലെ വൈദ്യുതി വിച്ഛേദിക്കണമെന്ന് ഒരു മാസത്തിന് മുമ്പ് കൊല്ലയില്‍ പഞ്ചായത്ത് വൈദ്യുതി ബോർഡിന് പരാതി നൽകിയിരുന്നു.
തുടര്‍ന്ന് കെട്ടിട ഉടമയ്ക്ക് നോട്ടീസ് അയക്കുകയും നിയമനടപ്പടികള് സ്ഥികരിക്കുന്നതിനു മുമ്പ് വൈദ്യുതി ബന്ധം വിച്ഛേദിക്കാതിരിക്കാനുള്ള രേഖകള്‍ ഓഫിസില്‍ ഹാജരാക്കാന്‍ അറിയിക്കുകയും ചെയ്തിരുന്നതായി വൈദ്യുതി ബോര്‍ഡ് അറിയിച്ചു.