Wed. Nov 6th, 2024
കൊടുമൺ:

ചന്ദനപ്പള്ളി പാലത്തിന്റെ നിർമാണം വേഗത്തിൽ നടക്കാത്തതു കാരണം ദുരിതം പല വഴി. പാലം നിർമാണത്തിനായി വലിയ തോട് മുറിച്ചത് കർഷകർക്ക് ദുരിതമായതിനു പുറമേയാണ് സ്കൂൾ തുറക്കുന്നതോടെ യാത്രയും ദുരിതത്തിലാകാൻ പോകുന്നത്.

പലപ്പോഴും കനത്ത മഴ പെയ്യുന്നത് നിർമാണം വൈകിക്കുന്നു. ഇപ്പോൾ തന്നെ പ്രായമുള്ളവർ ഉൾപ്പെടെ ചന്ദനപ്പള്ളി ജംക്‌ഷനിലേക്ക് പല ആവശ്യങ്ങൾക്കും പോകുന്നത് വളരെയധികം ബുദ്ധിമുട്ടിയാണ്. പാലത്തിന്റെ സമാന്തരമായി കമുക് ഉപയോഗിച്ചുള്ള പാലമാണ് നിർമിച്ചിരിക്കുന്നത്.

ഇതിന്റെ മുകളിലൂടെ നടന്നു പോകുന്നത് തന്നെ പേടിച്ചാണ്. തോട്ടിലെ വെള്ളത്തിന്റെ കുത്തൊഴുക്ക് കണ്ടാൽ ആരും ഭയന്നു പോകും. ആനയടി – കൂടൽ റോഡിന്റെ നിർമാണവുമായി ബന്ധപ്പെട്ടാണ് പാലം പുതുക്കിപ്പണിയുന്നത്. കഴിഞ്ഞ ദിവസത്തെ മഴയത്ത് കമുക് പാലത്തിന്റെ മുകളിലൂടെയാണ് വെള്ളം ഒഴുകിയത്.

പാലം പണി എന്നു തുടങ്ങിയോ അന്നുമുതൽ ഉണ്ടായ കർഷക ദുരിതം ഒഴിയുന്നില്ല. പാലം പണിക്കായി വലിയ തോട് മുറിച്ചത് മുതൽ ഏലാകളിൽ നിന്ന് വെള്ളം വലിഞ്ഞു മാറാതെ കിടക്കുകയാണ്. പാലത്തിന്റെ നിർമാണത്തിന് വിഘാതം ഉണ്ടാകാതിരിക്കാനാണ് തോട്ടിലെ വെള്ളത്തിന്റെ ഒഴുക്ക് കുറയ്ക്കാൻ താൽക്കാലിക തടയണ നിർമിച്ച് വെള്ളം വഴി തിരിച്ചു വിട്ടത്.

അടുത്ത കൃഷി ഇറക്കുന്നതിന് മുൻപു തന്നെ പാലം പണി പൂർത്തിയാക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് ഇത്തരത്തിൽ ചെയ്തത്. എന്നാൽ സമയാസമയങ്ങളിൽ നിർമാണം നടക്കാതെ പണികളിൽ അലംഭാവം വന്നതോടെ കർഷകരും ദുരിതത്തിൽ ആകുകയായിരുന്നു.