Wed. Jan 22nd, 2025
പഴയങ്ങാടി:

കല്യാശേരി ബ്ലോക്ക് പഞ്ചായത്തിന്റെ കീഴിലുളള പഴയങ്ങാടി താലൂക്കാശുപത്രിയിലേക്കുളള വഴി കാട് മൂടി. കെഎസ്ടിപി റോഡിൽ നിന്നു പടികളോടു കൂടിയ വഴിയാണ് കാട് കയറി മൂടിയിരിക്കുന്നത്. ആശുപത്രിയിലേക്കുളള റോഡ് പൊട്ടി തകർന്നതു കാരണം ആശുപത്രിയിൽ എളുപ്പത്തിൽ എത്തിച്ചേരാൻ ഈ വഴിയാണ് കൂടുതൽ പേരും ഉപയോഗിക്കുന്നത്.

ചെങ്കല്ലിനു മുകളിൽ ടൈൽ പാകി നിർമിക്കാനാണ് കരാർ എങ്കിലും പണി മുഴുവനും പൂർത്തിയാക്കിയില്ല. വഴിയിൽ ലൈറ്റ് സംവിധാനവുമില്ല.പകൽ നേരങ്ങളിൽ പോലും ഇവിടെ ഇഴ ജന്തുക്കളുടെ ശല്യം ഉണ്ട്.

കഴി‍ഞ്ഞ ദിവസം ആശുപത്രിയിലെത്തി മടങ്ങി വരുമ്പേൾ പടികളോട് കൂടിയ വഴിയിൽ പാമ്പിനെ കണ്ട് കാൽ വഴുതി വീണ സംഭവവും ഉണ്ടായിട്ടുണ്ട്. മുൻ ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതി ഇവിടെ ലൈറ്റ് സംവിധാനം ഏർപ്പെടുത്താൻ തീരുമാനം എടുത്തിരുന്നുവെങ്കിലും നടപ്പിലായില്ല. ദിനം പ്രതി നൂറ് കണക്കിന് പേർ ആശുപത്രിയിലെത്തുന്നുണ്ട്. വഴി കാട് കയറി മൂടിയിട്ടും ആശുപത്രി വികസന സമിതിയോ,ബ്ലോക്ക് പഞ്ചായത്ത് അധികൃതരോ യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്നാണ് ആക്ഷേപം ഉയർന്നിരിക്കുന്നത്.