ഇടുക്കി:
സ്ഥിതിഗതികൾ വിലയിരുത്താൻ മന്ത്രിമാർ മുല്ലപ്പെരിയാർ സന്ദർശിച്ചു. മന്ത്രിമാരായ റോഷി അഗസ്റ്റിനും, പി പ്രസാദുമാണ് സന്ദർശനം നടത്തിയത്. മുല്ലപ്പെരിയാറിലെ ജലനിരപ്പ് 138 അടിയാക്കണം എന്ന് ജല വിഭവവകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ ചൂണ്ടിക്കാട്ടി.
കൂടുതൽ വെള്ളം കൊണ്ടുപോകണമെന്ന് തമിഴ്നാടിനോട് ആവശ്യപ്പെടും. ജലനിരപ്പ് റൂൾ കർവിൽ എത്തിക്കാൻ കഴിയാത്തത് സുപ്രീംകോടതിയെ അറിയിക്കും. പെരിയാറിൽ ജലനിരപ്പ് ഒരടി ഉയർന്നിട്ടുണ്ട്, അതിൽ ആശങ്ക വേണ്ടെന്ന് മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു.
സെക്കൻറിൽ 2974 ഘനയടി വെള്ളമാണ് സ്പിൽവേയിലൂടെ ഇടുക്കിയിലേക്ക് ഒഴുക്കുന്നത്. 2340 ഘനയടി വീതം തമിഴ്നാട് കൊണ്ടു പോകുന്നുണ്ട്. 7000 ഘനയടി വെള്ളം തുറന്നു വിട്ടാൽ വേണ്ടി വരുന്ന മുൻകരുതലുകൾ എടുത്തിട്ടുണ്ട്. എന്നാൽ നിലവിൽ കൂടുതൽ വെള്ളം തുറന്നു വിടും എന്ന് അറിയിച്ചിട്ടില്ലെന്നും മന്ത്രി പറഞ്ഞു.
ഇന്ന് രാത്രി വരെ പരമാവധി സംഭരിക്കാൻ കഴിയുന്നത് 138 അടിയാണ് . ഈ സാഹചര്യത്തിൽ ജലനിരപ്പ് ക്രമീകരിക്കാൻ തമിഴ്നാട് കൂടുതൽ വെള്ളം തുറന്നു വിടാൻ സാധ്യതയുണ്ട്.ഷട്ടറുകൾ ഉയർത്തി രണ്ട് ദിവസം പിന്നിടുമ്പോളും ജലനിരപ്പ് അനുവദനീയ പരിധിയായ 138 അടിയിലേക്ക് നിജപ്പെടുത്താൻ തമിഴ്നാടിന് കഴിഞ്ഞിട്ടില്ല. ഈ സാഹചര്യത്തിലാണ് സ്ഥിതിഗതികൾ നേരിട്ട് വിലയിരുത്താൻ മന്ത്രിമാർ അണക്കെട്ടിലെത്തുന്നത്.