Sat. Jan 18th, 2025
പൊന്നാനി:

പൊന്നാനിയിലെ മീനുകള്‍ ഇനി മൂല്യവർദ്ധിത ഉല്പ്പന്നങ്ങളാക്കി രാജ്യത്തിനകത്തും പുറത്തും വിതരണത്തിനെത്തും. ഇതിനായുള്ള മത്സ്യ സംസ്കരണ കേന്ദ്രം യാഥാര്‍ത്ഥ്യമാകുന്നു. കേന്ദ്രത്തിനായി 1.43 കോടി സംസ്ഥാന സർക്കാർ അനുവദിച്ചു.

ഹാർബറിലെ 25 സെന്റ് സ്ഥലത്താണ് കേന്ദ്രം ഒരുങ്ങുക. തീരദേശ വികസന കോർപറേഷനാണ് പദ്ധതി ചുമതല. സെന്റർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്‌നോളജിയാണ് സാങ്കേതിക സഹായം നൽകുന്നത്. സംസ്ഥാനത്ത് അഞ്ച് സംസ്കരണ കേന്ദ്രങ്ങൾ ആരംഭിക്കുന്നതിൽ ഒന്നാണ് പൊന്നാനിയിലേത്.

കൊല്ലത്ത് പദ്ധതി വിജയകരമായതോടെയാണ് അഞ്ച് കേന്ദ്രങ്ങൾകൂടി ആരംഭിക്കുന്നത്. പദ്ധതിക്ക് മുന്നോടിയായി കഴിഞ്ഞ മാസം തീരദേശ വികസന കോർപറേഷൻ എംഡി ഷെയ്ഖ് പരീദിന്റെ നേതൃത്വത്തിലുള്ള സംഘം ഹാർബറിലെത്തി സ്ഥലം സന്ദർശിച്ചിരുന്നു. നൂറുകണക്കിന് മത്സ്യതൊഴിലാളി വനിതകൾക്ക് ഇതിലൂടെ തൊഴിൽ ലഭിക്കും. വനിതാ ശാക്തീകരണത്തോടൊപ്പം തീരത്തിന്റെ ജീവിതനിലവാരം ഉയർത്തുകയാണ് ലക്ഷ്യം.

സമ്പൂർണമായി സൗരോർജത്തിലായിരിക്കും കേന്ദ്രം പ്രവർത്തിക്കുക. മത്സ്യം കേന്ദ്രത്തിനുള്ളിൽതന്നെ ഉണക്കുന്നതിനുൾപ്പെടെ ആധുനിക സംവിധാന മെഷിനറി, സോളാർ പ്ലാന്റ് എന്നിവ ഒരുക്കും. മത്സ്യതൊഴിലാളികളിൽനിന്ന് ന്യായ വിലയ്ക്ക് നേരിട്ട് മത്സ്യം വാങ്ങുന്നതോടെ മത്സ്യതൊഴിലാളികളുടെ സങ്കടത്തിനും അറുതിയാവും. ഓൺലൈനായും 
വിൽപ്പന 
മത്സ്യതൊഴിലാളികളുടെ മക്കൾക്കും ജോലി ലഭിക്കുന്നതിനായി ഓൺലൈൻ മാർക്കറ്റിങ് സംവിധാനം ഉപയോഗപ്പെടുത്തും. വിദേശത്തേക്ക് ഉല്പ്പന്നങ്ങൾ കയറ്റിയയക്കാനുള്ള സാധ്യതയും ഉപയോഗപ്പെടുത്തും.