കുട്ടനാട്:
കൊവിഡ് ബാധിച്ച് മരിച്ച ഹിന്ദുമത വിശ്വാസിക്ക് സംസ്കാരത്തിനുള്ള സ്ഥലവും സൗകര്യങ്ങളും നല്കി വീണ്ടും മാതൃകയായി എടത്വ സെൻറ് ജോര്‍ജ് ഫോറോന പള്ളി. തലവടി പഞ്ചായത്ത് ഏഴാം വാര്‍ഡ് കുതിരച്ചാല്‍ പൊന്നപ്പന് കെ പിയുടെ സംസ്കാരത്തിനാണ് സ്ഥലം വിട്ടുനല്‍കിയത്. ചക്കുളത്തുകാവിലെ ദുരിതാശ്വാസ ക്യാമ്പില്‍ കഴിയുമ്പോള്‍ പൊന്നപ്പന് കൊവിഡ് ബാധിച്ച് എടത്വയിലെ സ്വകാര്യആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് പൊന്നപ്പന് ശനിയാഴ്ച പുലര്‍ച്ച 5.30ന് മരിച്ചത്.
മൃതദേഹം സംസ്കരിക്കാന്‍ വീട് ഇരിക്കുന്ന പ്രദേശം മൊത്തം വെള്ളക്കെട്ടായതോടെയാണ് പള്ളി വികാരി മാത്യൂ ചൂരവടി കൈക്കാരന്മാരും പാരിഷ് കമ്മിറ്റി അംഗങ്ങളുമായി ആലോചിച്ച് പൊന്നപ്പൻറെ സംസ്കരത്തിന് പള്ളിയില്‍ സ്ഥലം വിട്ടുനല്‍കിയത്.ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ജിന്‍സി ജോളി, എടത്വ ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് മറിയാമ്മ ജോര്‍ജ് തുടങ്ങിയവർ സംസ്കാരത്തിന് നേതൃത്വം നല്കി.നേരത്തെയും വീട്ടില്‍ സ്ഥലമില്ലാതിരുന്ന രണ്ട് ഹിന്ദുമത വിശ്വാസികളുടെ സംസ്കാരത്തിന് പള്ളി സ്ഥലം വിട്ടുനല്‍കിയിരുന്നു. ഭാര്യ: സരസമ്മ. മക്കള്‍. സന്തോഷ്, സതീശന്, സന്ധ്യ. മരുമക്കള്‍. ഷേര്‍ളി, രാജീവ്.