Wed. Jan 22nd, 2025
ന്യൂഡൽഹി:

ആർ ബി ഐ ഗവർണർ ശക്​തികാന്ത ദാസിന്‍റെ കാലാവധി മൂന്ന്​ വർഷം കൂടി നീട്ടി കേന്ദ്രസർക്കാർ. ​കേന്ദ്രമന്ത്രിസഭയിലെ അപ്പോയിൻമെന്‍റ്​ കമ്മിറ്റിയാണ്​ ശക്​തികാന്ത ദാസിന്‍റെ കാലാവധി നീട്ടാനുള്ള തീരുമാനത്തിന്​ അംഗീകാരം നൽകിയത്​. 2021 ഡിസംബർ 10 മുതൽ മൂന്ന്​ വർഷത്തേക്ക്​ കൂടിയാണ്​ ആർ ബി ഐ ഗവർണറുടെ കാലാവധി നീട്ടി നൽകിയത്​.

2018 ഡിസംബർ 11നാണ്​ ശക്​തികാന്ത ദാസിനെ ആർ ബി ഐ ഗവർണറായി നിയമിച്ചത്. നേരത്തെ ധനകാര്യമന്ത്രാലയത്തിൽ ഡിപ്പാർട്ട്​മെന്‍റ്​ ഓഫ്​ ഇക്കണോമിക്​ അഫേയ്​ഴ്​സ്​ സെക്രട്ടറിയായിരുന്നു ശക്​തികാന്ത ദാസ്​.

ധനകാര്യം, നികുതി, വ്യവസായ, അടിസ്ഥാന സൗകര്യവികസനം തുടങ്ങിയ മേഖലകളിൽ നിർണായക പദവികൾ അദ്ദേഹം വഹിച്ചിട്ടുണ്ട്​. വേൾഡ്​ ബാങ്ക്​, ഏഷ്യൻ ഡെവല​പ്പ്​മെന്‍റ്​ ബാങ്ക്​, ഏഷ്യൻ ഇൻഫ്രാസ്​ട്രക്​ചർ ഇൻവെസ്റ്റ്​മെന്‍റ്​ ബാങ്ക്​ എന്നീ സ്ഥാപനങ്ങളിലും അദ്ദേഹം സേവനം അനുഷ്​ടിച്ചിട്ടുണ്ട്​.