മുംബൈ:
എൻ സി ബി ഉദ്യോഗസ്ഥൻ സമീർ വാങ്കഡെക്ക് അറസ്റ്റിൽ നിന്ന് ഇടക്കാല സംരക്ഷണമില്ല. ഇതുമായി ബന്ധപ്പെട്ട് സമീർ സമർപ്പിച്ച ഹരജി ബോംബെ ഹൈകോടതി തള്ളി.
ആഡംബര കപ്പലിലെ ലഹരികേസിൽ സമീർ വാങ്കഡെ കൈക്കൂലി ആവശ്യപ്പെട്ടുവെന്ന കേസിലെ അറസ്റ്റിൽ നിന്നും സംരക്ഷണം ആവശ്യപ്പെട്ടാണ് അദ്ദേഹം ഹരജി നൽകിയത്. അതേസമയം, ഏതെങ്കിലും കേസിൽ വാങ്കഡെയെ അറസ്റ്റ് ചെയ്യുകയാണെങ്കിൽ 72 മണിക്കൂർ മുമ്പ് നോട്ടീസ് നൽകുമെന്ന് മഹാരാഷ്ട്ര സർക്കാർ അറിയിച്ചു.
തനിക്കെതിരായി രജിസ്റ്റർ ചെയ്ത അല്ലെങ്കിൽ ചെയ്യാൻ പോകുന്ന കേസുകൾ സി ബി ഐക്കോ എൻ ഐ എക്കോ കൈമാറണമെന്നും വാങ്കഡെ ഹരജിയിൽ ആവശ്യപ്പെടന്നുണ്ട്. ചില രാഷ്ട്രീയപാർട്ടികളുടെ നിർദേശപ്രകാരമാണ് കേസിൽ മഹാരാഷ്ട്ര പൊലീസ് ഇടപ്പെടുന്നതെന്നും ഹരജിയിൽ വ്യക്തമാക്കിയിരുന്നു. എന്നാൽ, കേസുമായി ബന്ധപ്പെട്ട് കൂടുതൽ വിശദീകരണങ്ങളിലേക്ക് കടക്കാൻ കോടതി തയാറായില്ല.
സമീർ വാങ്കഡെക്കെതിരായ ഉയർന്ന ആരോപണങ്ങളിൽ അന്വേഷണം നടത്താൻ മുംബൈ പൊലീസ് നാല് ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയിരുന്നു. കേസിലെ സാക്ഷികൾ നൽകിയ പരാതിയിലാണ് മുംബൈ പൊലീസ് അന്വേഷണം നടത്തുക. പ്രഭാകർ സാലി അഭിഭാഷകരായ ശുദ്ധ ദ്വിവേദി, കനിഷ്ക ജെയ്ൻ, നിതിൻ ദേശ്മുഖ് എന്നിവരാണ് പരാതി നൽകിയത്. സമീർ വാങ്കഡെ എട്ട് കോടി കൈക്കൂലി വാങ്ങിയെന്നായിരുന്നു മൊഴികളിലൊന്ന്.