Mon. Dec 23rd, 2024
കൊച്ചി:

ചരിത്രനേട്ടം സ്വന്തമാക്കി സംസ്ഥാന പൊതുമേഖലാ വ്യവസായസ്ഥാപനമായ മാമല കെൽ. കേരള ഇലക്ട്രിക്കൽ ആൻഡ് അലൈഡ് എൻജിനിയറിങ് കമ്പനിയുടെ (കെൽ) മാമല യൂണിറ്റിലെ പവർ ട്രാൻസ്‌ഫോർമർ നിർമാണ പ്ലാന്റിൽ, എട്ട് എംവിഎ പവറിന്റെ രണ്ട്‌ ട്രാൻസ്‌ഫോർമറുകളാണ്‌ നിർമാണം പൂർത്തിയാക്കിയത്‌. ഒന്നാം പിണറായി സർക്കാർ ഫെബ്രുവരിയിലാണ് 12.5 കോടി രൂപ മുതൽമുടക്കിൽ പവർ ട്രാൻസ്‌ഫോർമർ യൂണിറ്റ് ആരംഭിച്ചത്. ഉദ്ഘാടനശേഷം കോവിഡ് അടച്ചുപൂട്ടൽ വന്നെങ്കിലും കെഎസ്ഇബിയുടെ ഓർ‌ഡർ അനുസരിച്ച്‌ രണ്ട് 8 എംവിഎ, 33, 11 കെവി ട്രാൻസ്‌ഫോർമറുകൾ കൃത്യസമയത്ത് നിർമാണം പൂർത്തിയാക്കി.

തൊഴിലാളികളും ജീവനക്കാരും ഒറ്റക്കെട്ടായി പ്രവർത്തിച്ചാണ് നേട്ടം കൈവരിച്ചതെന്നും ട്രാൻസ്‌ഫോർമർ കെഎസ്ഇബിക്ക്‌ കൈമാറാൻ തയ്യാറായിക്കഴിഞ്ഞെന്നും വ്യവസായ മന്ത്രി പി രാജീവും കെൽ എംഡി ഷാജി എം വർഗീസും പറഞ്ഞു.മാമലയിൽ നിർമാണം പൂർത്തിയാക്കിയ പവർ ട്രാൻസ്‌ഫോർമറുകൾ ബം​ഗളൂരുവിലെ എൻഎബിഎൽ അംഗീകൃത ലാബായ സിപിആർഐയിൽ ഗുണനിലവാര പരിശോധന പൂർത്തിയാക്കിക്കഴിഞ്ഞു. സിപിആർഐ സാക്ഷ്യപത്രംകൂടി ലഭിച്ചതോടെ ഏത് സ്ഥാപനത്തിനും പവർ ട്രാൻസ്‌ഫോർമർ നൽകാൻ കമ്പനിക്കാകും.

എൽഡിഎഫ് സർക്കാർ നടത്തിയ ആധുനികവൽക്കരണമാണ് മാമല യൂണിറ്റിന് കുതിപ്പേകിയത്. 18 കോടി രൂപയുടെ വികസനപ്രവർത്തനമാണ് പിണറായി സർക്കാർ നടപ്പാക്കിയത്. പവർ ട്രാൻസ്‌ഫോർമർ പ്ലാന്റിൽ‌ 10 എംവിഎവരെ ശേഷിയുള്ള പവർ ട്രാൻസ്‌ഫോർമറുകൾ നിർമിക്കാനാകും. ഈ പ്ലാന്റ്‌ പൂർണതോതിൽ പ്രവർത്തനക്ഷമമാകുമ്പോൾ ഓരോ വർഷവും 1500 എംവിഎ ഊർജം കൂടുതൽ ഉൽപ്പാദിപ്പിക്കാനാകുമെന്നാണ് കണക്കാക്കുന്നത്. മാമല യൂണിറ്റിന് 47 കോടി രൂപയുടെ അധിക വിറ്റുവരവും 2.53 കോടി രൂപയുടെ അറ്റാദായവും പ്രതീക്ഷിക്കുന്നുണ്ടെന്നും എംഡി പറഞ്ഞു.