കൽപറ്റ:
ആര്‍ദ്രം മിഷന് പ്രവര്‍ത്തനങ്ങളുടെ പശ്ചാത്തലത്തില്‍ ആരോഗ്യമേഖലയില്‍ തദ്ദേശസ്ഥാപനങ്ങള്‍ നടത്തിവരുന്ന മികച്ച പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമായ ആര്‍ദ്രകേരളം പുരസ്കാരം വിതരണം ചെയ്തു. കലക്ടറേറ്റിൽ നടന്ന ചടങ്ങില്‍ കലക്ടര്‍ എ ഗീത പുരസ്കാരവിതരണം നടത്തി. ജില്ലതലത്തില്‍ അമ്പലവയല്‍, തൊണ്ടര്‍നാട്, മൂപ്പൈനാട് ഗ്രാമപഞ്ചായത്തുകള്‍ യഥാക്രമം ഒന്ന് (സമ്മാനത്തുക- അഞ്ചു ലക്ഷം), രണ്ട് (മൂന്നു ലക്ഷം), മൂന്ന് (രണ്ടു ലക്ഷം) സ്ഥാനങ്ങൾ നേടി.
വാഹനങ്ങളില്‍ പതിക്കാനുള്ള കൊവിഡ് ബോധവത്കരണ സ്റ്റിക്കറും ചടങ്ങില്‍ കലക്ടര്‍ പ്രകാശനം ചെയ്തു. ജില്ല പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരംസമിതി ചെയര്മാന് എം മുഹമ്മദ് ബഷീര്‍ അധ്യക്ഷത വഹിച്ചു. ആരോഗ്യകേരളം ജില്ല പ്രോഗ്രാം മാനേജര്‍ ഡോ സമീഹ സൈതലവി മുഖ്യപ്രഭാഷണം നടത്തി.
ഇന്‍ഫര്‍മേഷന്‍ കേരള മിഷൻ സോഫ്റ്റ്വെയര് സംവിധാനത്തിലൂടെ ലഭ്യമായ പദ്ധതിവിവരങ്ങള്‍, ആരോഗ്യ സ്ഥാപനങ്ങളില്‍നിന്ന് ശേഖരിച്ച വിവരങ്ങള്‍, ഓണ്‍ലൈന്‍ റിപ്പോര്‍ട്ടിങ്, ഫീല്‍ഡ്തല പരിശോധനകള്‍ എന്നിവയുടെ അടിസ്ഥാനത്തിലാണ് ജേതാക്കളെ തിരഞ്ഞെടുത്തത്. 2018-19 വര്‍ഷത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ആരോഗ്യ, അനുബന്ധ പദ്ധതികളാണ് പരിശോധനക്ക് വിധേയമാക്കിയത്.