കൊടിയത്തൂർ:
2020ലെ കോവിഡ് അവധിയിൽ സമയം പോവാതെ മുഷിഞ്ഞ് വീർപ്പുമുട്ടിയവരായിരിക്കും പലരും. പുറത്തുപോവാനാവാതെ കമ്പ്യൂട്ടർ ഗെയിമും മൊബൈലും ടി വിയുമായെല്ലാം കഴിച്ചുകൂട്ടി കാലം നീക്കി. എന്നാൽ, ഈ സമയം കമ്പ്യൂട്ടർ ഭാഷകൾ പഠിച്ച് സ്കൂൾ അധ്യാപകരെ ഞെട്ടിച്ച ഒരു മിടുക്കനുണ്ട് പായൂർ ചിറ്റാലിപിലാക്കലിൽ.
കൊടിയത്തൂർ വാദിറഹ്മ സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിയായ അമൻ കെ.എം ആണ് കോഡിങ്ങുകൾ കാണാപാഠം പഠിച്ചെടുത്ത് വിവര സാങ്കേതിക വിദ്യാ ലോകത്തെ വരുതിയിലാക്കിയത്. എല്ലാം സ്വന്തമായി ഇൻറർനെറ്റിൽ പരതിയും വായിച്ചുമാണ് പഠിച്ചത്. സംശയങ്ങൾ അറിവുള്ളവരോട് ചോദിച്ച് തീർത്തു. അമൻ്റെ മിടുക്ക് നേരത്തെ മനസിലാക്കിയിരുന്ന സ്കൂൾ അധികൃതർക്ക് ഇതൊരു അത്ഭുമായിരുന്നില്ല. ആ കൊച്ചു മിടുക്കുനിൽ നിന്ന് അവർ ഇനിയും പ്രതീക്ഷിക്കുന്നുണ്ട്.
അഞ്ചാം ക്ലാസിലെത്തിയപ്പോഴേക്കും അമൻ കോഡിങ് ലോകത്തെ പ്രാഥമിക കാര്യങ്ങൾ മനസിലാക്കിയിരുന്നു. പിതാവ് അബ്ദുസ്സലാമിൻ്റെ സ്ഥാപനത്തിലെ വൈഫൈ ഉപയോഗപ്പെടുത്തിയാണ് ഇൻറർനെറ്റ് ലോകത്തു നിന്നും അക്കാര്യങ്ങൾ മനസിലാക്കിയത്. ഒന്നു രണ്ടു വർഷങ്ങൾക്കുള്ളിൽ പല പ്രോഗ്രാമിങ് ലാംഗ്വേജുകളിലും പഠിച്ചെടുത്തു. ഇപ്പോൾ ജാവ സ്ക്രിപ്റ്റും എച്ച് ടി എം എല്ലും സി എസ് എസും ആൻഡ്രോയിഡുമെല്ലാം അമനിൻ്റെ വിരൽതുമ്പിൽ അനായാസം വഴങ്ങും.